താറാവുകളെ തീറ്റിപ്പോറ്റാൻ നിവൃത്തിയില്ലാതെ കർഷകർ
ആലപ്പുഴ :പക്ഷിപ്പനി നിയന്ത്രണം തുടരവേ രോഗബാധിത മേഖലകളൊഴികെയുള്ളിടങ്ങളിൽ കൂട്ടിലടയ്ക്കപ്പെട്ട താറാവുകളെ തീറ്റിപ്പോറ്റാൻ മാർഗമില്ലാതെ താറാവ് കർഷകർ ദുരിതത്തിൽ. ആലപ്പുഴ, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലായുള്ള രണ്ട് ലക്ഷത്തോളം താറാവുകളാണ് പക്ഷിപ്പനി കാരണം പട്ടിണിയിലായത്.
കൃഷിസമയം കൂടിയായതിനാൽ താറാവുകളെ പാടങ്ങളിൽ തുറന്നുവിടാൻ കഴിയില്ല. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി ഇറച്ചി, മുട്ട വിൽപ്പനയ്ക്കുള്ള നിയന്ത്രണവും രോഗഭീതിയും കാരണം ആളുകൾ വാങ്ങാൻ തയ്യാറാകാത്തതിനാൽ കുടുംബം പുലർത്താൻ പോലും നിവർത്തിയില്ലാതെ വലയുകയാണ് നൂറുകണക്കായ താറാവ് കർഷക കുടുംബങ്ങൾ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കുട്ടനാട്ടിലെ പരമ്പരാഗത തൊഴിലുകളിലൊന്നാണ് താറാവ് കൃഷി. കൊയ്ത്തൊഴിഞ്ഞ വിശാലമായ പാടശേഖരങ്ങളും കായൽ നിലങ്ങളും ജലാശയങ്ങളുമാണ് കുട്ടനാടിനെ താറാവ് കർഷകർക്ക് പ്രിയങ്കരമാക്കിയത്. പക്ഷിപ്പനിയെ തുടർന്ന് ഇറച്ചിയും മുട്ടയും വിൽക്കുന്നതിനും രോഗ ബാധിത മേഖലകളിൽ നിന്നും വളർത്തുപക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്രുന്നതിനുമുള്ള നിരോധനമാണ് കർഷകരെ ദുരിതത്തിലാക്കിയത്. അരൂർ, ചന്തിരൂർ,നെടുമുടി, പള്ളാത്തുരുത്തി, ചെന്നിത്തല, പളളിപ്പാട് , വഴുതാനം, വണ്ടാനം മേഖലകളിലാണ് നിലവിൽ ഏറ്റവുമധികം താറാവ് കർഷകരുളളത്. കള്ളിംഗിന് വിധേയരാക്കിയ താറാവുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് പരിമിതമാണെന്നതും (ആറുമാസം വരെ പ്രായമുള്ളവയ്ക്ക് നൂറ് രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയും) ഇത് കിട്ടാനുള്ള കാലതാമസവും കാര്യങ്ങൾ കൂടുതൽ കഷ്ടത്തിലാക്കും. കുട്ടനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെയും പക്ഷിപ്പനി നിയന്ത്രണം കാര്യമായി ബാധിച്ചു.
പക്ഷിപ്പനിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി
ബാങ്ക് വായ്പയ്ക്കായി കർഷകർ ശ്രമം നടത്തിയെങ്കിലും താറാവ് കർഷകർക്ക് വായ്പ നൽകാൻ ബാങ്ക് തയ്യാറല്ല
വസ്തുക്കളോ വീടോ വായ്പയ്ക്കായി ഈടുവയ്ക്കാൻ നിവൃത്തിയില്ലാത്തവരാണ് കർഷകരിൽ ഏറെയും
കൃഷിയുള്ളവരാകട്ടെ മുമ്പെടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി നടപടികൾ നേരിടുകയാണ്
ഇത് കാരണം നെൽകൃഷിയുടെയോ മറ്റേതെങ്കിലും കൃഷിയുടെയോ പേരിലും വായ്പ എടുക്കാനാകാനാകില്ല
പക്ഷിപ്പനി നിയന്ത്രണത്തിൽ ദുരിതത്തിലായ താറാവ് കർഷകർക്ക് സർക്കാരോ മൃഗസംരക്ഷണ വകുപ്പോ യാതൊരുവിധ ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. ബാങ്കുകൾ വായ്പ നിഷേധിക്കുകയും വായ്പാ കുടിശിഖകളിൽ ജപ്തി ആരംഭിക്കുകയും ചെയ്തതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്
- അഡ്വ. ബി.രാജശേഖരൻ, പ്രസിഡന്റ് , ഐക്യ താറാവ് കർഷകസംഘം