പുഞ്ചകൃഷിക്ക് 'ബ്ലാസ്റ്റ് 'ഭീഷണി

Friday 16 January 2026 12:04 AM IST

ആലപ്പുഴ: പുഞ്ചകൃഷിയിലെ ബ്ലാസ്റ്റ് (കുലവാട്ട‌ം) രോഗബാധയും മുഞ്ഞയുടെ സാന്നിദ്ധ്യവും കർഷകരെ ആശങ്കയിലാക്കുന്നു. പുന്നപ്ര, ചെന്നിത്തല, മാന്നാർ, ചാരുംമൂട്, തലവടി, ചമ്പക്കുളം എന്നീ കൃഷിഭവനുകളുടെ പരിധിയിൽ വിവിധ പാടശേഖരങ്ങളിലായി 60 ഹെക്ടർ നിലത്ത് വിതച്ച് 25 മുതൽ 65 ദിവസം വരെ പ്രായമായ നെൽച്ചെടികളിലാണ് 'ബ്ലാസ്റ്റ് രോഗ ലക്ഷണങ്ങൾ കാണപ്പെട്ടത്.

മനുരത്‌ന,പൗർണ്ണമി ഇനങ്ങളിലാണ് രോഗലക്ഷണങ്ങൾ കൂടുതൽ. ആറ് മണിക്കൂറിലധികം നെല്ലോലയിൽ ഈർപ്പം തങ്ങിനിൽക്കുന്ന സാഹചര്യത്തിലാണ് രോഗബാധയും രോഗവ്യാപനവും വർദ്ധിക്കുക. നൈട്രജൻ വളപ്രയോഗം അധികരിക്കുന്നതും നിലത്തിൽ തീരെ വെള്ളമില്ലാത്ത സാഹചര്യവും രോഗബാധ കൂടുന്നതിന് കാരണമാകും. ബ്ലാസ്റ്റ് രോഗബാധ തന്നെയാണെന്ന് ഉറപ്പാക്കിയതിനുശേഷം അനുയോജ്യമായ കുമിൾനാശിനി തളിക്കുക വഴി രോഗബാധ നിയന്ത്രിക്കാം എന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കണം.

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കുട്ടനാട്ടിൽ മുഞ്ഞയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്. പാടശേഖരങ്ങളിൽ നടത്തുന്ന മുൻകൂർ കീടനാശിനി പ്രയോഗങ്ങൾ പലപ്പോഴും പിന്നീട് മുഞ്ഞയുടെ ആക്രമണത്തിന് കാരണമാകാറുണ്ട്. അതിനാൽ ഇലപ്പേൻ, ചാഴി മുതലായ കീടങ്ങൾക്കെതിരെ കീടനാശിനി പ്രയോഗം നടത്തുന്നതിന് മുമ്പ് കർഷകർ സാങ്കേതിക നിർദ്ദേശം സ്വീകരിക്കണം.

വിളനഷ്ടത്തിലേക്ക് നയിക്കും

 അതിവേഗം പടർന്നുപിടിയ്ക്കുന്ന കുമിൾ രോഗമാണ് കുലവാട്ടം അഥവാ ബ്ലാസ്​റ്റ്. ഞാ​റ്റടി മുതൽ കതിർവന്നതിനുശേഷം വരെയുള്ള സമയത്താണ് രോഗബാധയുണ്ടാവുക

 രോഗം ബാധിച്ച നെല്ലിന്റെ ഓലകളിൽ കണ്ണിന്റെ ആകൃതിയിൽ പൊട്ടുകൾ പോലെ പ്രത്യക്ഷപ്പെടും. പൊട്ടിന്റെ മദ്ധ്യഭാഗം ചാരനിറത്തിലും വശങ്ങൾ തവിട്ടുനിറത്തിലുമായിരിക്കും

 രോഗാക്രമണം കാരണം കറുത്ത് ദു‌ർബലമായി കതിരുകൾ ഒടിഞ്ഞുതൂങ്ങുന്നതാണ് രോഗത്തിന്റെ പരിണിത ഫലം. ഇത് വൻ വിളവ് നഷ്ടത്തിനിടയാക്കും.

 പുഷ്പിക്കുന്നതിന് മുമ്പ് വരെ നെല്ലോലയുടെ വിസ്തീർണത്തിൽ 5 മുതൽ 10 ശതമാനം വരെയോ പുഷ്പിച്ചശേഷം 5ശതമാനം വരെയോ രോഗം ബാധിച്ചാൽ വൻ കൃഷിനാശത്തിന് വഴിവയ്ക്കും

ബ്ളാസ്റ്റ് രോഗബാധ

60 ഹെക്ടറിൽ

സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം

9383470697

കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം

- കീടനിരീക്ഷണ കേന്ദ്രം