ആസാദ് സ്കൂൾ ഇനി ഇരുനിലമന്ദിരത്തിൽ
മുഹമ്മ : കായിപ്പുറം ആസാദ് മെമോറിയൽ ഗവ. എൽ പി സ്കൂളിന് ഇനി ഇരുനില മന്ദിരത്തിന്റെ തിളക്കം. സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ വിനിയോഗിച്ച് നിർമിച്ച ഇരുനില മന്ദിരം ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 67 -ാമത് സ്കൂൾ വാർഷികവും ഇതോടൊപ്പം നടക്കും.
ആറു ക്ലാസ് മുറികളോടുകൂടിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷനാകും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൽ. ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ അങ്കണവാടി അദ്ധ്യാപകരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എൻ. നസീമ കർഷകരെയും ആദരിക്കും.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ. ആർ.മോഹിത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബാബു വടക്കേച്ചിറ, ബി.പി.ഒ ടി.ഒ.സൽമോൻ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബിജു തുടങ്ങിയവർ പങ്കെടുക്കും.