ജില്ലയിൽ റവന്യു സ്റ്റാമ്പ് കിട്ടാനില്ല

Friday 16 January 2026 12:05 AM IST

ചേർത്തല :സർക്കാരിന്റെ വിവിധ ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നതിന് ആവശ്യമായ റവന്യു സ്റ്റാമ്പ് ക്ഷാമം ജില്ലയിൽ രൂക്ഷം. 5000 രൂപയ്ക്ക് മേലുള്ള തുക കൈപ്പറ്റുന്നതിന് ഒരു രൂപവിലയുള്ള റവന്യു സ്റ്റാമ്പിൽ ഒപ്പിട്ട് നൽകണം. എന്നാൽ മൂന്നു മാസമായി സ്റ്റാമ്പ് ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ പരക്കം പാച്ചിലിലാണ്.ലോട്ടറി മൊത്ത വിതരണക്കാരാണ് 5000 സമ്മാനമടിച്ച ടിക്കറ്റുകൾ മാറി പണം വാങ്ങാൻ കഷ്ടപ്പെടുന്നത്.

ലോട്ടറി ഓഫീസിലെ വൗച്ചറുകളിൽ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട് നൽകിയാൽ മാത്രമേ പണം നൽകുകയുള്ളു. കെ.എസ്.എഫ്.ഇ ഉൾപ്പെടെയുള്ള സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ചിട്ടിപ്പണം കൈപ്പുന്നതിനും സ്റ്റാമ്പിൽ ഒപ്പിട്ട് നൽകണം.

ജില്ലാ ട്രഷറി വഴി സബ് ട്രഷറികളിൽ എത്തിക്കുന്ന സ്റ്റാമ്പുകൾ അവിടെ നിന്നാണ് സർക്കാർ അംഗീകൃത വെണ്ടർമാർക്ക് വിതരണം ചെയ്യുന്നത്. സ്റ്റാമ്പ് ലഭിക്കാത്തതിനെ തുടർന്ന് വെണ്ടർമാർ അന്യജില്ലകളിൽ നിന്നും,സമീപ സംസ്ഥാനങ്ങളിൽ നിന്നും സ്റ്റാമ്പ് എത്തിച്ച് വിലകൂട്ടി വിൽക്കുന്നതായും ജനങ്ങളെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ദുരിതത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സ്റ്റാമ്പ് എത്തിക്കാൻ നടപടി തുടങ്ങിയതായും ഒരാഴ്ചക്കുള്ളിൽ എല്ലാ സബ് ട്രഷറികളിലും സ്റ്റാമ്പ് എത്തിക്കുമെന്നും ജില്ലാ ട്രഷറി അധികൃതർ അറിയിച്ചു.