ദേശീയ വയോജന കമ്മിഷന് കേന്ദ്രത്തിന്റെ പച്ചക്കൊടി
Friday 16 January 2026 12:07 AM IST
ആലപ്പുഴ: മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമപദ്ധതികളുടെ നടത്തിപ്പ് മേൽനോട്ടത്തിനുമായി ജുഡീഷ്യൽ അധികാരങ്ങളോട് കൂടിയ ദേശീയ സീനിയർ സിറ്റിസൺസ് കമ്മിഷൻ വേണമെന്ന ആവശ്യത്തിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. മുതിർന്ന പൗരന്മാരുടെ ആരോഗ്യം, ക്ഷേമം, സാമൂഹിക സുരക്ഷ എന്നിവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ദേശീയതലത്തിൽ വയോജന വിഭാഗം വേണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള പ്രധാനമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി പരിഗണിക്കുകയും തുടർ നടപടികൾക്കായി ദേശീയ സാമൂഹ്യ നീതി വകുപ്പ് മന്ത്രാലയത്തിന് കൈമാറിയതായും അറിയിപ്പ് ലഭിച്ചു. വയോജനങ്ങൾക്ക് സീനിയർ സിറ്റിസൺ കോച്ച് ആരംഭിക്കണമെന്ന നിർദ്ദേശവും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ ചന്ദ്രദാസ് എത്തിച്ചിട്ടുണ്ട്.