കുണ്ടും കുഴിയുമായി മാറി വേഴപ്ര പാക്കള്ളിപാലം- ഉമാച്ചേരി റോഡ്
കുട്ടനാട് : രാമങ്കരി പഞ്ചായത്തിൽ വേഴപ്ര പാക്കള്ളിപാലം- ഉമാച്ചേരി റോഡ് കുണ്ടും കുഴിയുമായി മാറിയതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി. വേഴപ്ര ഹോമിയോ ആശുപത്രി, സിദ്ധ ആശുപത്രി, അങ്കണവാടി, എൽ.പി സ്ക്കൂൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാന യാത്രാമാർഗമാണ് ഈ റോഡ്. ടാറിംഗ് തകർന്നു മെറ്റൽ ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമുള്ള യാത്ര വെല്ലുവിളിയാണ്. കുഴികളിലകപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറി.
വെളിച്ചമില്ലാത്തതും വെല്ലുവിളി
രാത്രിയിൽ റോഡിൽ വെളിച്ചമില്ലാത്തതും അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായി
റോഡിനായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നാട്ടുകാർ പലതവണ നിവേദനങ്ങൾ നല്കിയിരുന്നു
വേനൽമഴയ്ക്ക് തുടക്കം കുറിച്ചതോടെ റോഡിലെ യാത്രാദുരിതം ഇനിയും വർദ്ധിക്കുമെന്ന് നാട്ടുകാർ
അടിയന്തിരമായി റോഡ് നന്നാക്കുവാനും ടാർ ചെയ്യുവാനും ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം
-പ്രദേശവാസികൾ