40 പവൻ പിടിച്ചുപറിക്കാൻ ശ്രമിച്ച രണ്ടുപേർ റിമാൻഡിൽ

Friday 16 January 2026 2:22 AM IST

തിരുവനന്തപുരം: സ്‌കൂട്ടർ യാത്രികനെ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്‌ത്തി 40 പവൻ കവരാൻ ശ്രമിച്ച രണ്ടുപേർ റിമാൻഡിൽ. ചൊവ്വാഴ്ച രാത്രി ഏഴോടെ നീറമൺകരയ്ക്ക് സമീപം ദേശീയപാതയിലായിരുന്നു സംഭവം. പള്ളിച്ചൽ അരിക്കടമുക്ക് ചാനൽക്കര വീട്ടിൽ ഷാനവാസ് (26),പള്ളിച്ചൽ കണ്ടറത്തേരി പഴയരാജപാത തുളസി വീട്ടിൽ കൃഷ്ണൻ (23) എന്നിവരെയാണ് കരമന പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

കരമനയിലെ ആയില്യത്ത് ഫിനാൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാകേഷ് തമ്പിയെ ആണ് ഇവർ പിന്തുടർന്ന് ആക്രമിച്ചത്. ആഭരണങ്ങളുമായി കാരയ്ക്കാമണ്ഡപത്ത് നിന്ന് കരമനയിലേക്ക് പോയ രാകേഷിനെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ നീറമൺകരയ്ക്ക് സമീപത്തുവച്ച് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ബാഗ് കൈക്കലാക്കി ഓടിയ ഷാനവാസിനെ നാട്ടുകാർ പിടികൂടി. ബൈക്കിൽ രക്ഷപ്പെട്ട കൃഷ്‌ണനെ പിന്നീട് പേരൂർക്കടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.