'പാവങ്ങൾ'പരിഭാഷ ശതാബ്ദി ആഘോഷിച്ചു
മുതുകുളം :മുതുകുളം ഗുരുകുലം കലാസാംസ്‌കാരിക വിദ്യകേന്ദ്രത്തിന്റെ 29-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സായാഹ്നം ശ്രദ്ധേയമായി. പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരൻ വിക്ടർ ഹ്യൂഗോ യുടെ 'ലെ മിസറബിൾ' എന്ന നോവൽ നാലപ്പാട്ട് നാരായണമേനോൻ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിന്റെ ശതാബ്‌ദി ആഘോഷിച്ചുകൊണ്ട് നടന്ന സമ്മേളനം പ്രമുഖ സാഹിത്യനി രൂപകനും പ്രഭാഷകനുമായ ഡോ.പി.കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡന്റ് ജി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സാജൻ ടി.അലക്സ് കലാപ്രതിഭകൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഡോ. പി.കെ രാജശേഖരൻ, മുതുകുളം പാർവതിയമ്മ ട്രസ്റ്റ് സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ.മുരളീധരൻ, ജീവകാരുണ്യരംഗത്ത് മാതൃക കാട്ടിയ ദമ്പതികൾ എ.കൃഷ്ണകുമാർ, വത്സല എസ്. എന്നിവരെ സമ്മേളത്തിൽ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ അനുമോദന സമ്മേളനം വാർഡ് പ്രതിനിധി കെ.എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു. വി.രഘുനാഥ്, കല എസ്, കെ.ഹരീഷ് വിദ്യാർത്ഥി പ്രതിനിധികളായ ഗൗതമി സി.എസ്, അക്ഷയ ജെ, മേധ കൃഷ്ണ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സ്വാഗതവും സി.കെ.രാജൻ നന്ദിയും പറഞ്ഞു. സമ്മേളനത്തെത്തുടർന്ന് കലോത്സവ പ്രതിഭകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ കലാ വിരുന്നുകളും കോഴിക്കോട് ഐശ്വര്യ കല്യാണിയുടെയും സംഘത്തിന്റെയും ഗസൽ നിലാവും നടന്നു.