ഇ.ഡി ഹർജിയിൽ മമതയ്ക്ക് തിരിച്ചടി, നിയമലംഘനം സമ്മതിക്കില്ല എന്ന് സുപ്രീംകോടതി

Friday 16 January 2026 12:36 AM IST

കേന്ദ്ര ഏജൻസികളെ തടസപ്പെടുത്തരുത്

ന്യൂഡൽഹി: ഇ.ഡി റെയ്‌ഡ് തടസപ്പെടുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. സർക്കാർ, പൊലീസ് എന്നിവർക്കെതിരെയും കടുത്ത നിലപാട് സ്വീകരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റായ ഐ-പാകിന്റെ ഓഫീസിൽ നടന്ന റെയ്‌ഡ് തടസപ്പെടുത്തിയതിനെതിരെ ഇ.ഡി സമർപ്പിച്ച ഹ‌ർജി പരിഗണിക്കുകയായിരുന്നു. നിയമവാഴ്ച പരിപാലിക്കപ്പെടണം. ഏജൻസികളുടെ സത്യസന്ധമായ അന്വേഷണത്തിൽ പാ‌ർട്ടികൾക്ക് ഇടപെടാനാകില്ല.ഹ‌‌ർജി ഗുരുതരമായ പല ചോദ്യങ്ങളുയുർത്തുന്നുവെന്നും ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര,​ വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വഷണത്തിൽ സംസ്ഥാന ഏജൻസികൾ കൈകടത്തുന്നുവെന്ന ഗുരുതര വിഷയം പ്രഥമദൃഷ്‌ട്യാ വെളിപ്പെടുന്നു. അങ്ങനെയായാൽ സംസ്ഥാനങ്ങളിൽ നിയമവാഴ്ചയില്ലാത്ത സാഹചര്യമാകും. നിയമലംഘനങ്ങൾ ഇനിയുമുണ്ടാകും. ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. സംസ്ഥാനത്തെ അന്വേഷണ ഏജൻസിക്ക് കുറ്റവാളിയെ സംരക്ഷിക്കാനാകുന്ന സാഹചര്യമുണ്ടാകരുത്. രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

മമതയ്ക്കുൾപ്പെടെ

നോട്ടീസ്

മമത,​ ബംഗാൾ സർക്കാർ,​ ഡി.ജി.പി രാജീവ് കുമാർ,​ കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് കുമാർ വെർമ,​ സൗത്ത് കൊൽക്കത്ത ഡെപ്യൂട്ടി കമ്മിഷണർ പ്രിയാബത്ര റോയ് എന്നിവർക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കണമെന്ന ഇ.ഡിയുടെ ആവശ്യത്തിലടക്കം രണ്ടാഴ്ചയ്‌ക്കകം നിലപാട് അറിയിക്കണം. റെയ്ഡിന്റെ സി.സി ടിവി ദൃശ്യങ്ങൾ സൂക്ഷിക്കണം. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറുകളിലെ നടപടികൾ കോടതി സ്റ്റേ ചെയ്‌തു. ഫെബ്രുവരി 3ന് വീണ്ടും പരിഗണിക്കും.

ഇതാദ്യമല്ല: ഇ.ഡി

 മമത കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെടുന്നത് ഇതാദ്യമല്ലെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത

 മമതയുൾപ്പെടെ റെയ്ഡിനിടെ ഇരച്ചുകയറി. ഫയലുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമെടുത്തു. ഇത് കവ‌ർച്ചയാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടി

'ഡേറ്റ പാ‌ർട്ടിയുടെ സ്വത്ത്'

ഇ.ഡിയുടെ ഹർജി നിലനിൽക്കില്ലെന്ന് മമതയ്‌ക്കുവേണ്ടി അഡ്വ. കപിൽ സിബൽ വാദിച്ചു. ഐ-പാകിന്റെ ഓഫീസിൽ പാ‌ർട്ടിയുടെ സുപ്രധാന ഡേറ്റയുണ്ടാകുമെന്ന് ഇ.ഡിക്ക് അറിയാം. അതെടുക്കാൻ ശ്രമിച്ചാൽ പാർട്ടി അദ്ധ്യക്ഷ അവിടെ പോകും. ഡേറ്റ പാ‌ർട്ടിയുടെ സ്വത്താണ്. ലാപ്ടോപും ഐഫോണും മാത്രമാണ് മമതയെടുത്തത്. കൽക്കട്ട ഹൈക്കോടതിക്ക് പരിഗണിക്കാവുന്ന വിഷയമാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ഹൈക്കോടതിയിലെ വാക്പോര് അസ്വസ്ഥരാക്കിയെന്ന് സുപ്രീംകോടതി പ്രതികരിച്ചു.