ഇന്ത്യൻ ജനാധിപത്യം ആഴത്തിൽ വേരുള്ള വൻ വൃക്ഷം: പ്രധാനമന്ത്രി
ന്യൂഡൽഹി: വൈവിദ്ധ്യങ്ങളെ കരുത്താക്കിയ ഇന്ത്യയിൽ ആഴത്തിലുള്ള വേരുകളാൽ താങ്ങപ്പെടുന്ന വലിയ വൃക്ഷം പോലെയാണ് ജനാധിപത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംവിധാൻ സദനിലെ (പഴയ പാർലമെന്റ്) സെൻട്രൽ ഹാളിൽ കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഏറെ വൈവിദ്ധ്യമുള്ള ഒരു രാജ്യത്ത് ജനാധിപത്യം അതിജീവിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇന്ത്യ വൈവിദ്ധ്യങ്ങളെ ജനാധിപത്യത്തിന്റെ കരുത്താക്കി. ജനാധിപത്യത്തിന്റെ അടിത്തറയിൽ ഇന്ത്യ വൈവിദ്ധ്യത്തെ ആഘോഷിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളും പ്രക്രിയകളും ജനാധിപത്യത്തിന് സ്ഥിരതയും വേഗതയും വ്യാപ്തിയും നൽകി. ആഴത്തിലുള്ള വേരുകളാൽ താങ്ങപ്പെടുന്ന ഒരു വലിയ വൃക്ഷം പോലെയാണ് ഇന്ത്യൻ ജനാധിപത്യം. സംവാദത്തിന്റെയും ചർച്ചകളുടെയും കൂട്ടായ തീരുമാനമെടുക്കലിന്റെയും നീണ്ട പാരമ്പര്യമുണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്. വിവേചനമില്ലാതെ ആനുകൂല്യങ്ങൾ ഓരോ വ്യക്തിയിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾക്കും സ്വപ്നങ്ങൾക്കും മുൻഗണന നൽകി.
എ.ഐ,സമൂഹമാദ്ധ്യമങ്ങൾ എന്നിവയുടെ ദുരുപയോഗം സൃഷ‌്‌ടിച്ച ആശങ്കകൾ പരിഹരിക്കാൻ നിയമസഭകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും.