ജ്യോത്സ്യനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിധി 19ന്
തലശേരി: ജോത്സ്യനെ പ്രവചന മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ കേസ് വിധി പറയാനായി മാറ്റി. തലശേരി ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് 19ന് വിധി പറയും. പിണറായി പാറപ്രം കോളാട്ടെ ശിഖാലയത്തിൽ കുഞ്ഞിരാമൻ ഗുരുക്കളെ (72) ആണ് ജോത്സ്യരുടെ പ്രവചന മുറിയിൽ വച്ച് കുത്തി കൊലപ്പെടുത്തിയത്. എരഞ്ഞോളി കൂളിബസാറിലെ കേളോത്ത് ഇസ്മയിലിന്റെ മകൻ സി.കെ റമീസ് (48) ആണ് പ്രതി.
2012 ഫെബ്രുവരി നാലിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ജോത്സ്യനെ കാണാനെത്തിയ പ്രതി മുറി
തുറന്ന് അകത്ത് കടന്ന് കുത്തി പരിക്കേൽപ്പിക്കുകയും നിലവിളി കേട്ട് ഓടിയെത്തിയ മകനും മറ്റും ചേർന്ന് തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കടിയിൽ ഫെബ്രുവരി 26ന് മരണപ്പെടുകയും ചെയ്തു എന്നുമാണ് കേസ്. പൂർവ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്. മരിച്ച കുഞ്ഞിരാമന്റെ മകൻ എം.പി. വിപിൻ നൽകിയ പരാതിയെ തുടർന്നാണ് ധർമ്മടം പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീ. ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ഇ. ജയറാംദാസും പ്രതിക്ക് വേണ്ടി ജി.പി ഗോപാലകൃഷ്ണനുമാണ് ഹാജരാവുന്നത്.