എൻജിനുള്ളിൽ കണ്ടെയ്‌നർ കയറി, എയർ ഇന്ത്യാ വിമാനത്തിന് കേട്

Friday 16 January 2026 12:43 AM IST

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡിംഗിന് ശേഷം ടാക്‌സി (റൺവേയിലൂടെ നീങ്ങൽ) ചെയ്യുന്നതിനിടെ ലഗേജ് കണ്ടെയ്‌നർ കുടുങ്ങി എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനുകളിലൊന്ന് കേടായി. ഇന്നലെ പുലർച്ചെ ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. ഡി.ജി.സി.എ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുലർച്ചെ 2.30ന് പുറപ്പെട്ട വിമാനം ഇറാൻ ആകാശപാത അടച്ചതിനെ തുടർന്ന് തിരിച്ചിറങ്ങിയതാണ്. വിമാനം റൺവേ 28ൽ സുരക്ഷിതമായി ലാൻഡ് ചെയ്‌ത് ടാക്‌സിവേ ജംഗ്ഷനിലെ ഏപ്രൺ ഏരിയയിലേക്ക് ടാക്സി ചെയ്യുമ്പോഴാണ് സംഭവം. മറ്റൊരു വിമാനത്തിൽ കയറ്റാനുള്ള കാർഗോ കണ്ടെയ്‌നർ ടാക്‌സിവേയിൽ വീണിരുന്നു. ജീവനക്കാർ അത് ടാക്‌സിവേയിൽ നിന്ന് മാറ്റുന്നതിന് മുൻപ് എയർഇന്ത്യ വിമാനത്തിന്റെ വലത് എൻജിൻ വലിച്ചെടുത്തു.

എൻജിൻ തകരാറായെങ്കിലും വിമാനം സുരക്ഷിതമായി പാർക്കു ചെയ്‌ത് യാത്രക്കാരെ പുറത്തിറക്കി. കനത്ത മൂടൽമഞ്ഞായിരുന്നതിനാൽ പൈലറ്റിന് റൺവേ വ്യക്തമായിരുന്നില്ല.

സിങ്കപ്പൂർ വിമാനത്തിന്

തകരാർ

190 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ഇന്നലെ പുലർച്ചെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. പറന്നുയർന്ന ശേഷം ഓക്സിലറി പവർ യൂണിറ്റിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയച്ചു.