'ജനനായകൻ': ഇടപെടാതെ സുപ്രീംകോടതി, റിലീസ് വൈകും, മദ്രാസ് ഹൈക്കോടതി 20ന് തീരുമാനമെടുക്കണം
ന്യൂഡൽഹി: സുപ്രീംകോടതി ഇന്നലെ ഇടപെടാൻ തയ്യാറാകാത്തതോടെ വിജയ് ചിത്രം 'ജനനായകന്റെ' റിലീസ് വൈകും. ടി.വി.കെ അദ്ധ്യക്ഷൻ കൂടിയായ വിജയ്‌യുടെ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി ഇന്നലെ വിസമ്മതിച്ചു. മദ്രാസ് ഹൈക്കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്ന വിഷയമാണ്. ഹൈക്കോടതി 20ന് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സാഹചര്യത്തിൽ അവിടെ തന്നെ തീരുമാനമെടുക്കണം. ഹർജിക്കാർ ഇത്ര വേഗത കാണിക്കേണ്ട കാര്യമില്ല. സുപ്രീംകോടതി ഇപ്പോൾ ഇടപെടേണ്ട പ്രത്യേക കാരണങ്ങളില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. നിർമ്മാതാക്കൾക്ക് തങ്ങളുടെ വാദമുഖങ്ങൾ അവിടെ അവതരിപ്പിക്കാം. കഴിയുമെങ്കിൽ 20ന് തന്നെ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു. 5000ൽപ്പരം തിയേറ്ററുകൾ ബുക്ക് ചെയ്‌തിരിക്കുകയാണെന്നും റിലീസിംഗ് വൈകുന്നത് വലിയ സാമ്പത്തികനഷ്‌ടത്തിന് കാരണമാകുമെന്നും നിർമാതാക്കൾ വാദിച്ചെങ്കിലും പരമോന്നത കോടതി വഴങ്ങിയില്ല.