ജനുവരി ശൈത്യത്തിൽ വിറച്ച് ഡൽഹി, 2023ന് ശേഷമുള്ള അതിശൈത്യം
ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ രാത്രി താപനില മൂന്നു ഡിഗ്രിയിലും താണതോടെ തണുപ്പിൽ വിറച്ച് രാജ്യ തലസ്ഥാനം. ഈ സീസണിലെ ഏറ്റവും തണുപ്പുള്ള പ്രഭാതമായിരുന്നു ഡൽഹിയിൽ ഇന്നലെ. സഫ്ദർജംഗിലെ പ്രധാന കാലാവസ്ഥാ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ താപനില 2.9 ഡിഗ്രി സെൽഷ്യസ്. പുലർച്ചെ പുകമഞ്ഞ് വ്യാപിച്ചത് വിമാന സർവീസുകളെ ബാധിച്ചു. പശ്ചിമവാതങ്ങളുടെ സ്വാധീനത്താൽ ഇന്നുമുതൽ തണുപ്പ് കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മൂന്നു വർഷത്തെ ഏറ്റവും തണുത്ത ജനുവരിയാണിത് (2023 ജനുവരി 16ന് 1.4 ഡിഗ്രി സെൽഷ്യസ് കുറഞ്ഞു). അഞ്ചു ദിവസമായി രാത്രി താപനില നാലു ഡിഗ്രി സെൽഷ്യസിന് താഴെയാണ്. ഇന്നലെ പുലർച്ചെ ഡൽഹി പാലം മേഖലയിൽ 2.3 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 3.4 ഡിഗ്രി സെൽഷ്യസും അയനഗറിൽ 2.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കാലാവസ്ഥാകേന്ദ്രം യെലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു.
ഇന്നുമുതൽ കാറ്റിന്റെ ദിശ കിഴക്കോട്ട് മാറുന്നത് കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുമെന്നാണ് സൂചന. അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ മഴ പെയ്യാനുമിടയുണ്ട്. ഡൽഹിക്കാരെ പ്രയാസപ്പെടുത്താൻ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുകയാണ്.