തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട: യുവതിയടക്കം 3 പേർ അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന യുവതിയടങ്ങുന്ന മൂന്നംഗ സംഘത്തെ ഹിൽപാലസ് പൊലീസ് പിടികൂടി. കണ്ണൂർ തലശ്ശേരി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിദ് (22), കണ്ണൂർ തലശ്ശേരി പുതുശേരിവീട്ടിൽ ദേവ സതീഷ് (21), ആലപ്പുഴ അമ്പലപ്പുഴ കോമന മുല്ലക്കേരി വീട്ടിൽ ദേവിക മധുകുമാർ (22) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 1.27 കിലോ കഞ്ചാവ് കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്താരി ഭാഗത്തെ സ്റ്റാർ ഹോംസ് അനക്സ് ബ്ലോക്ക് 22 -ഫ്ലാറ്റ് ബി 3ൽ രാത്രി 7.30ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഫ്ലാറ്റിൽ ദിവാൻ കോട്ടിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കണയന്നൂർ തഹസിൽദാരെ വിവരമറിയിച്ച ശേഷമായിരുന്നു പരിശോധന. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഹിൽപാലസ് എസ്.എച്ച്.ഒ എം.റിജിൻ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.കെ. ബാലചന്ദ്രൻ, എസ്.ഐ എം.ആർ. സന്തോഷ് കുമാർ, എ.എസ്.ഐ ഉമേഷ്, എസ്.സി.പി.ഒമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ സി.പി.ഒ സിജിത്ത്, ഡബ്വ്യു.സി.പി.ഒ ഷാന്റി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.