നാവായിക്കുളത്ത് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു: ഭർത്താവ് അറസ്റ്റിൽ
കല്ലമ്പലം: നാവായിക്കുളത്ത് ഭാര്യയെ മർദ്ദിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചശേഷം,ഒളിവിൽപ്പോയ ഭർത്താവിനെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.നാവായിക്കുളം വെള്ളൂർക്കോണം കശുഅണ്ടി ഫാക്ടറിക്ക് സമീപം കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവിനെയാണ് പിടികൂടിയത്.കല്ലമ്പലം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും.പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി അപകടനില തരണം ചെയ്തു.വിദഗ്ദ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്,തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.സമാന അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ഇവർക്ക് രണ്ട് മക്കളുണ്ട്. മകൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പമാണ് താമസം. മകൻ സ്കൂളിൽ പോയ സമയത്തായിരുന്നു ആക്രമണം. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിദ്ധ്യം കണ്ടെത്തി.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.