വ്യോമസേനയ്‌ക്ക് ഫ്രാൻസിന്റെ 114 റാഫേൽ വാങ്ങാൻ ധാരണ #3.25 ലക്ഷം കോടിയുടെ ഇടപാട്
ന്യൂഡൽഹി: വ്യോമസേനയ്‌ക്കായി പരിഷ്‌കരിച്ച 114 റാഫേൽ എഫ് 4 സ്റ്റാർ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസും ധാരണയിലെത്തി. 3.25 ലക്ഷം കോടി രൂപയുടെ ഇടപാടാണിത്.
അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യൻ സന്ദർശിക്കുമ്പോൾ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
2030 മുതൽ വിമാനങ്ങൾ ലഭിക്കും. 24 വിമാനങ്ങൾ ഫ്രാൻസിൽ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 90 എണ്ണം നാഗ്‌പൂരിലെ ഡാസോ റിലയൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (ഡി.ആർ.എ.എൽ) പ്ളാന്റിൽ 60% തദ്ദേശീയമായ ഘടകങ്ങളോടെ നിർമ്മിക്കും. ഫ്രാൻസിൽ നിർമ്മിക്കുന്നവ അത്യാധുനിക സൗകര്യങ്ങളുള്ള എഫ് 5 പതിപ്പായിരിക്കും. നിലവിൽ സേനയിൽ വിന്ന്യസിച്ച എഫ്3-ആർ സീരീസിലുള്ളവയെ എഫ് 4 പതിപ്പിലേക്ക് ഉയർത്താനും ധാരണയുണ്ട്. 2027ൽ കരാർ ഒപ്പിട്ടാൽ, ആദ്യത്തെ 18 വിമാനങ്ങൾ 2030 മുതൽ ഇന്ത്യയിലെത്തും.
നിലവിൽ വ്യോമസേനയിൽ 36 റാഫേൽ വിമാനങ്ങൾ വിന്ന്യസിച്ചിട്ടുണ്ട്. നാവികസേനയ്ക്കായി 26 റാഫേൽ മറൈൻ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.