മകളുമായുള്ള ബന്ധം ചോദ്യം ചെയ്‌തു; 47കാരനെ അയൽവാസിയായ യുവാവ് വെട്ടിക്കൊന്നു

Friday 16 January 2026 7:26 AM IST

പാലക്കാട്: മംഗലംഡാമിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രാഹുലാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം കാട്ടിലേക്ക് കയറിയ പ്രതിയെ ഇന്ന് പുലർച്ചെ പിടികൂടി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. തളികക്കല്ലിലെ വീടിന് സമീപത്ത് വച്ച് കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ രാജാമണിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെ രാഹുൽ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തെരച്ചിലിനിടെയാണ് ഇന്ന് പുലര്‍ച്ചെ പ്രതിയെ പിടികൂടിയത്. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.