അന്ധകാരത്തോട്, ക്ഷേത്രനഗരിയുടെ ദു:ഖം

Friday 16 January 2026 8:36 AM IST
മാലിന്യം നിറഞ്ഞ് അന്ധകാരത്തോട്. പടിഞ്ഞാറെ നടയിൽ നിന്നുള്ള ദൃശ്യം

വൈക്കം: മാലിന്യവാഹിനിയായി വൈക്കം നഗരവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്ന അന്ധകാരത്തോട് പുതിയ നഗരസഭാ കൗൺസിലിന് മുന്നിലെ ഏ​റ്റവും വലിയ വെല്ലുവിളിയായി. അന്ധകാരത്തോട് കടന്നുപോകുന്ന വാർഡുകളിലെ കൗൺസിലർമാരെല്ലാവരും വോട്ടിനായി വോട്ടർമാരെ സമീപിച്ചത് അന്ധകാരത്തോടിന്റെ ശാപമോക്ഷം ഉറപ്പ് നൽകിയാണ്. നീരൊഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞുകിടക്കുന്ന അന്ധകാരത്തോട് കൊതുക് അടക്കം മ​റ്റ് എല്ലാ രോഗവാഹക ജീവികളുടേയും താവളമാണ്. ലോകം മുഴുവൻ വൈക്കം സാന്നിദ്ധ്യമറിയിച്ചത് വൈക്കം സത്യഗ്രഹം എന്ന സമരേതിഹാസത്തിലൂടെയായിരുന്നു. ആ സമരചരിത്രത്തിന്റെ ഭാഗം കൂടിയായ തോടാണ് നഗരത്തിന്റെ നടുക്ക് ദുർഗന്ധവും രോഗവും പരത്തുന്ന 'അന്ധകാര' തോടായി വർഷങ്ങളായി തുടരുന്നത്.

കൊതുകും ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും ആറ് അടിയോളം താഴ്ചയുണ്ടായിരുന്ന അന്ധകാരത്തോട് തോട് മാലിന്യം നിറഞ്ഞ് വെള്ളത്തിന് കറുത്ത നിറമായ നിലയിലാണ്.

ഒഴുക്കില്ലാത്ത തോട്ടിലേക്ക് സമീപപ്രദേശങ്ങളിൽ നിന്ന് ഒഴുകിവരുന്ന അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും തോട്ടിൽനിന്ന് ദുർഗന്ധത്തിന് കാരണമാണ്. കൊതുകുശല്യം മൂലം തോടിന് സമീപമുള്ള വീടുകളിൽ താമാസിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. പകർച്ചവ്യാധി ഭീഷണിയുമുണ്ട്.

ദുരവസ്ഥയ്ക്ക് കാരണം

കൈയേ​റ്റവും വൻതോതിൽ മാലിന്യം തള്ളലുമാണ് തോടിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.

മുമ്പുണ്ടായിരുന്ന കൗൺസിലിന്റെ കാലത്ത് ലക്ഷങ്ങൾ മുടക്കി അശാസ്ത്രീയമായ രീതിയിലാണ് തോട് നവീകരിച്ചതെന്ന് പരാതിയുണ്ട്.

തോടിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്തതിനാൽ യന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. യന്ത്രം ഉപയോഗിക്കുമ്പോൾ തീരം ഇടിയുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

മഴപെയ്താൽ കെട്ടിക്കിടക്കുന്ന മാലിന്യം തോടുനിറഞ്ഞ് സമീപത്തെ വീടുകളിലും റോഡുകളിലേക്കും കയറും.

മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് രോഗഭീതിയും ദുർഗന്ധവും ഒഴിവാക്കണം.

നാട്ടുകാർ