പക്ഷിയെപ്പോലെ പറന്ന് നടക്കാം; അതും നമ്മുടെ കേരളത്തിൽ, സാഹസിക സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട മൂന്ന് സ്ഥലങ്ങൾ
സഞ്ചാരികൾ പല തരത്തിലാണ്. ചിലർ വളരെ സമാധാനമായി പ്രകൃതിഭംഗിയും കാഴ്‌ചകളും ആസ്വദിച്ച് നടക്കുമ്പോൾ മറ്റ് ചിലരാകട്ടെ വളരെ സാഹസികമായ കാര്യങ്ങൾ ചെയ്യാനാണ് ഇഷ്‌ടപ്പെടുന്നത്. ഇത്തരത്തിൽ സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് പാരാഗ്ലൈഡിംഗ്. ഭൂമിയുടെ മനോഹാരിക ആകാശക്കാഴ്‌ചയിലൂടെ ആസ്വദിക്കാൻ പാരാഗ്ലൈഡിംഗിലൂടെ സാധിക്കും. ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുന്ന അനുഭവം നിങ്ങൾക്കുണ്ടാകും.
ഉള്ളംകാലുപോലും മരവിപ്പിക്കുന്ന ഈ പാരാഗ്ലൈഡിംഗ് അനുഭവം പണ്ടുകാലത്ത് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ല. കേരളത്തിൽ പലയിടങ്ങളിലും പാരാഗ്ലൈഡിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് ഏതൊക്കെയാണെന്ന് അറിയാം.
1. വാഗമൺ
പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, തേയിലത്തോട്ടം, മലനിരകൾ എന്നിങ്ങനെ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ഇടുക്കിയിലെ വാഗമൺ. നല്ല തണുത്ത കാലാവസ്ഥയിൽ പാരാഗ്ലൈഡിംഗ് ചെയ്യുന്നത് നിങ്ങൾക്കൊരു വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കും. ഇവിടെ 1200 മീറ്റർ ഉയരത്തിൽ നിന്നാണ് പാരാഗ്ലൈഡിംഗ് ചെയ്യുന്നത്. ഒക്‌ടോബർ മുതൽ മാർച്ച് മാസം വരെയാണ് ഇവിടെ പാരാഗ്ലൈഡിംഗ് ചെയ്യാൻ അനുയോജ്യം.
2. മൂന്നാർ
അതിമനോഹരമായ പ്രകൃതിയാണ് ഇവിടത്തെ പ്രത്യേകത. മഞ്ഞുമൂടിയ മലനിരകളാൽ ചുറ്റപ്പെട്ട ഇവിടെ പാരാഗ്ലൈഡിംഗ് ചെയ്യുന്നത് ഒരിക്കലും മറക്കാനാകാത്ത അനുഭവം നിങ്ങൾക്ക് സമ്മാനിക്കും. 1600 മീറ്റർ ഉയരത്തിൽ നിന്നാണ് ഇവിടെ പാരാഗ്ലൈഡിംഗ് ചെയ്യുന്നത്. പരിശീലനം ലഭിച്ച ട്രെയിനർമാരുടെ സഹായം ഇവിടെ നിങ്ങൾക്ക് ലഭിക്കും. സെപ്‌തംബർ മുതൽ മേയ് മാസം വരെയാണ് ഇവിടെ പാരാഗ്ലൈഡിംഗ് ചെയ്യാൻ അനുയോജ്യം.
3. വർക്കല
തിരുവനന്തപുരം ജില്ലയിലെ മനോഹരമായ കടൽത്തീരമാണ് വർക്കല. ഇവിടെ എത്തിയാൽ സീസൈഡ് പാരാഗ്ലൈഡിംഗ് ആസ്വദിക്കാം. അറബിക്കടലിന്റെ മനോഹരമായ കാഴ്‌ച ഇവിടെ പാരാഗ്ലൈഡിംഗ് ചെയ്യുമ്പോൾ നിങ്ങൾക്ക് കാണാനാകും. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇവിടേക്ക് പോകാനുള്ള അനുയോജ്യസമയം.