കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു; യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേ‌ർന്ന്

Friday 16 January 2026 11:49 AM IST

കൊല്ലം: യുവാവിനെ അച്ഛനും മകനും ചേർന്ന് കൊലപ്പെടുത്തി. കൊല്ലം ശാസ്‌താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കൊല്ലപ്പെട്ടത്. മാനസിക ദൗർബല്യമുള്ളയാളാണ്. സംഭവത്തിൽ രാമകൃഷ്ണനെയും മറ്റൊരു മകനായ സനലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്തോഷ് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും സ്ഥിരം ഉപദ്രവകാരിയാണെന്നും ബന്ധുക്കൾ പറയുന്നു. സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് രാമകൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്.

സംഭവസമയം രാമകൃഷ്ണനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടാ വാക്കേറ്റം പിതാവ് നിയന്ത്രിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. പലതവണ സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ആക്രമണം തുടർന്നു. തുടർന്ന് പിതാവും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതെയായപ്പോൾ കണ്ണിൽ മുളകുപൊടി വിതറിയതിനുശേഷം തലയ്ക്ക് അടിക്കുകയായിരുന്നു. മൂന്നാമത്തെ അടിയിൽ തലപൊട്ടി ചോര വന്നു. എന്നാൽ അച്ഛനും മകനും ഇക്കാര്യം ആരെയും അറിയിച്ചില്ല. ഇന്നുരാവിലെയാണ് സംഭവം പുറത്തറി‌ഞ്ഞത്. സനലും സന്തോഷവും അവിവാഹിതരാണ്.