അപായചങ്ങല വലിക്കുമ്പോൾ ട്രെയിൻ നിൽക്കുന്നതിനു പിന്നിലെ കാരണം: യാത്രയിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

Friday 16 January 2026 1:04 PM IST

ടൺ കണക്കിന് ഭാരമുള്ള ട്രെയിനുകൾ ട്രാക്കിലൂടെ അതിവേഗത്തിൽ ഉരുളുമ്പോൾ, പാളത്തിൽ തടസമായി നിൽക്കുന്ന എന്തിനെയും അവ ഇടിച്ചുതെറിപ്പിക്കും. ഇങ്ങനെ കുതിച്ചു പായുന്ന ട്രെയിനുകൾ 110 മുതൽ 180 ടൺ വരെ ഭാരമുള്ള എൻജിനുകൾ ഒറ്റ നിമിഷം കൊണ്ട് നിർത്തുക തീ‌ർത്തും അസാദ്ധ്യമാണ്. ലോക്കോ പൈലറ്റ് ബ്രേക്ക് ഇട്ടാൽപോലും ട്രെയിൻ പൂർണമായും നിൽക്കാൻ നിശ്ചിത ദൂരം സഞ്ചരിക്കണം.

എങ്കിലും, യാത്രക്കാർ നേരിടേണ്ടി വരുന്ന അപ്രതീക്ഷിതവും അടിയന്തരവുമായ സാഹചര്യങ്ങളിൽ സഹായമെന്ന നിലയിലാണ് ഓരോ കോച്ചിലും അപായച്ചങ്ങലകൾ റെയിൽവേ ഒരുക്കിയിരിക്കുന്നത്. ലോക്കോ പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ തന്നെ ട്രെയിനിന്റെ കുതിപ്പിന് തടയിടാൻ യാത്രക്കാരെ പ്രാപ്തരാക്കുന്ന സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇതിന്റെ ദുരുപയോഗം ശിക്ഷാർഹമാകുന്നതെന്നും ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

അമേരിക്കൻ എൻജിനീയറായ ജോർജ്ജ് വെസ്റ്റിംഗ് ഹൗസ് 150 വർഷങ്ങൾക്ക് മുമ്പ് വികസിപ്പിച്ചെടുത്ത സംവിധാനമാണിത്. ചങ്ങല വലിക്കുമ്പോൾ കോച്ചിലെ ബ്രേക്ക് പൈപ്പിലുള്ള വാൽവ് തുറക്കുകയും ഉള്ളിലെ വായു പുറത്തുപോവുകയും ചെയ്യുന്നു. വായുസമ്മർദ്ദം കുറയുന്നത് ലോക്കോ പൈലറ്റിന്റെ പാനലിലെ മീറ്ററിൽ തെളിയും. വായു സമ്മർദ്ദം കുറയുന്നതോടെ ഓട്ടോമാറ്റിക്കായി ബ്രേക്കുകൾ വീഴുകയും ട്രെയിൻ സാവധാനം നിൽക്കുകയും ചെയ്യുന്നു. ട്രെയിൻ നിന്നുകഴിഞ്ഞാൽ പൈലറ്റ് ഹോൺ മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം നൽകും. ഏത് കോച്ചിലാണ് ചങ്ങല വലിച്ചതെന്ന് അവർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും.

യാത്രക്കാരിൽ ആർക്കെങ്കിലും പെട്ടെന്നുണ്ടാകുന്ന ഗുരുത ആരോഗ്യപ്രശ്നങ്ങൾ, തീപിടുത്തം, സുരക്ഷാ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങൾ, മുതിർന്നവരോ കുട്ടികളോ സ്റ്റേഷനിൽ ഇറങ്ങുന്നതിന് മുമ്പ് ട്രെയിൻ വിട്ടു പോവുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ചെയിൻ വലിക്കാൻ പാടുള്ളൂ. ഇന്ത്യൻ റെയിൽവേയുടെ നിയമം സെക്ഷൻ 141 പ്രകാരം അനാവശ്യമായി ചങ്ങല വലിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

ട്രെയിനിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും യാത്രയയക്കാൻ കയറുന്നവർ ട്രെയിൻ വിട്ടുതുടങ്ങിയ ശേഷം ഇറങ്ങാനായി ചങ്ങല വലിക്കുന്നത് പതിവായിട്ടുണ്ട്. എന്നാൽ ഇത് അടിയന്തര സാഹചര്യമായി കണക്കാക്കില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നുമാണ് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. 2023-24 കാലയളവിൽ സതേൺ റെയിൽവേയിൽ മാത്രം 2,632 നിയമവിരുദ്ധ ചങ്ങല വലിക്കലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിലൂടെ 15 ലക്ഷത്തിലധികം രൂപയാണ് പിഴയായി റെയിൽവേ ഈടാക്കിയത്.

ഒരാൾ അനാവശ്യമായി ചങ്ങല വലിക്കുമ്പോൾ ആ ട്രെയിൻ മാത്രമല്ല വൈകുന്നത്. അതിനു പിന്നാലെ വരുന്ന ട്രെയിനുകളുടെ സമയക്രമത്തെയും ഇത് ബാധിക്കുന്നു. 2025ൽ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങേണ്ട സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ ചങ്ങല വലിച്ച യുവതിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.

യാത്രക്കാരെ ബോധവാന്മാരാക്കുന്നതിനായി അനാവശ്യമായി ചങ്ങല വലിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ് എന്ന മുന്നറിയിപ്പ് ബോർഡുകൾ എല്ലാ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും റെയിൽവേ പതിപ്പിച്ചിട്ടുണ്ട്. ചങ്ങല വലിക്കുന്നതിനുള്ള കൃത്യമായ നിയമങ്ങളെക്കുറിച്ച് റെയിൽവേ നിരന്തരം ബോധവൽക്കരണ പരിപാടികളും നടത്തിവരുന്നു.