വില വെറും 91,399 രൂപ; ഒറ്റ ചാർജിൽ 113 കിലോമീറ്റർ റേഞ്ച്, അടക്കിവാഴാൻ എത്തുന്നു പുത്തൻ ചേതക്
യുവതലമുറയെ ആകർഷിക്കാൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കി ബജാജ്. ചേതക്കിന്റെ ഏറ്റവും വില കുറഞ്ഞ മോഡലായ ചേതക് സി25 ആണ് വിപണിയിൽ പുതുതായി എത്തിയിരിക്കുന്നത്. കരുത്തും ആധുനിക ഫീച്ചറുകളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് പുതിയ മോഡലിന്റെ പ്രത്യേകത.
2.5kWh ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 113 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. മണിക്കൂറിൽ 55 കിലോമീറ്ററാണ് പരമാവധി വേഗത. രണ്ടര മണിക്കൂർ കൊണ്ട് 80ശതമാനം വരെ ചാർജ് ചെയ്യാം. ഫുൾ ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ 45മിനിട്ട് മതിയാകും. ചേതക്കിന്റെ ബോഡി തന്നെയാണ് ഇതിനുമുള്ളത്. നിലവിൽ ആറ് നിറങ്ങളിൽ സ്‌കൂട്ടർ ലഭ്യമാണ്. തിരക്കേറിയ റോഡുകളിൽ അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് സി25 രൂപകൽപ്പന.
ഇന്ത്യയിലുടനീളമുള്ള ചേതക് ഡീലർഷിപ്പുകളിൽ സി25 ലഭ്യമാണ്. ഇതോടെ ചേതക് നിരയിൽ സി25, 30 സീരീസ്, 35 സീരീസ് എന്നിങ്ങനെ മൂന്ന് വേരിയന്റ് ഇപ്പോൾ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ബജാജ് നിലവിൽ 100ലധികം രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
നഗരങ്ങളിലെ തിരക്കുള്ള സമയത്തും ചെറിയ റോഡുകൾക്കുമടക്കം അനുയോജ്യമായ രീതിയിൽ യാത്ര ചെയ്യാൻ പാകത്തിനാണ് ചേതക് സി25ന്റെ നിർമ്മാണം. വിശ്വാസ്യതയും കരുത്തും ഒത്തുചേരുന്ന ചേതക്കിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഇലക്ട്രിക് യാത്ര എത്തിക്കുകയാണ് ബജാജ് ലക്ഷ്യം വയ്ക്കുന്നത്.