മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; പ്രതി ലഹരിക്കടിമ, ചെയ്തത് കൊടുംക്രൂരത

Friday 16 January 2026 3:53 PM IST

മലപ്പുറം: തൊടിയപുലത്ത് 14കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 16കാരൻ ലഹരിക്കടിമയാണെന്നാണ് ലഭിക്കുന്ന വിവരം. പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി ഇരുവരും പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നരം ആറരയ്ക്കും രാത്രി ഒമ്പത് മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

വീട്ടിലേയ്ക്ക് വരുന്നതായി കുട്ടി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളും വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിയുടെ വീട്ടിലുമെത്തിയിരുന്നു. പെൺകുട്ടി വൈകുന്നേരം ആറുമണിവരെ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും പിന്നീട് മറ്റൊരാളോടൊപ്പം പോയെന്നുമാണ് പ്രതി ബന്ധുക്കളോട് പറഞ്ഞത്. കൊടുംക്രിമിനലിനെ പോലെയാണ് പ്രതി സംസാരിച്ചതെന്നും ലഹരിക്കടിമയായവരെ പോലെയാണ് പെരുമാറിയതെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്.

പ്രതി ക്രിസ്മസ് അവധിക്കുശേഷം സ്കൂളിൽ എത്തിയിട്ടില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇയാൾ ചെറിയ ജോലിക്കുപോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുൻപ് പ്രതി കുട്ടിയുടെ വീട്ടിൽ പോയിരുന്നു. വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ചാണ് പതിനാറുകാരൻ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് തിരികെപോയതെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെടാൻ വേണ്ടിയാണ് പ്രതി കഴുത്തുഞെരിച്ച് കൊന്നതാകാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

വാണിയമ്പലത്തിനും തൊടിയപുലത്തിനുമിടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഇന്നുച്ചയോടെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.