രാഹുലിനെതിരായ  ബലാത്സംഗക്കേസ്; അതിജീവിതയെ അധിക്ഷേപിച്ചതിന് മഹിളാ  കോൺഗ്രസ്   ജില്ലാ  സെക്രട്ടറി  അറസ്റ്റിൽ

Friday 16 January 2026 4:26 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൽ അറസ്റ്റിൽ. പരാതിക്കാരിയെ അധിക്ഷേപിച്ച് ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്ന ഇവരെ പത്തനംതിട്ട സൈബർ പൊലീസ് സ്ഥലത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളാണ് രഞ്ജിതക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഹുലിനെതിരായ ആദ്യ കേസിലും ഇവർ പരാതിക്കാരിയെ അധിക്ഷേപിച്ചിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. പിന്നീട് ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തു. പിന്നീട് രാഹുലിനെതിരായ മൂന്നാം പരാതിയിൽ അതിജീവിതയെ അധിക്ഷേപിച്ച് പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു.

അതേസമയം, ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം നടന്നത്. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതിമുറിയിൽ വാദം കേൾക്കണമെന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.