'എന്റെ അനുജത്തിയാണോ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്, ചാക്കോച്ചനും  പിഷാരടിയും ഒക്കെയായി അവർക്കൊരു ഗ്രൂപ്പുണ്ട്'

Friday 16 January 2026 4:59 PM IST

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് മഞ്ജുവാര്യരും മധുവാര്യരും. ഇപ്പോൾ സർവ്വം മായ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മധുവാര്യർ. പുതിയ ചിത്രത്തെക്കുറിച്ച് ഒരു ഓൺലൈൻ മാദ്ധ്യമവുമായി നടത്തിയ സംഭാഷണത്തിൽ സഹോദരി മഞ്ജുവാര്യരെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മധുവാര്യർ. മഞ്ജുവാര്യരുടെ ഡ്രൈവിംഗിനോടുള്ള പാഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്കെപ്പോഴും മഞ്ജുവിന്റെ കാര്യത്തിൽ വലിയ അഭിമാനമാണെന്നും പലപ്പോഴും തന്റെ അനുജത്തി തന്നെയാണോയെന്ന് ചിന്തിക്കാറുണ്ടെന്നും മധുവാര്യർ പറഞ്ഞു.

'നല്ല പക്വതയോടെയും ബുദ്ധിപരമായുമാണ് മഞ്ജു തീരുമാനങ്ങൾ എടുക്കുന്നത്. ഡ്രൈവിംഗ്, സ്വിമ്മിംഗ്, ബൈക്ക്, യാത്രകൾ അങ്ങനെ ബക്കറ്റ്‌ ലിസ്‌റ്റിലുള്ള കാര്യങ്ങളെല്ലാം മഞ്ജു ചെയ്‌തു കഴിഞ്ഞു. ഓരോ കാര്യങ്ങളായി ചെയ്‌തു കൊണ്ടിരിക്കുകയാണ്. അവരുടെ ഒരു ഗ്രൂപ്പുണ്ട്, ചാക്കോച്ചനും പിഷാരടിയുമൊക്കെയായി. ഇടയ്‌ക്കൊക്കെ ഞാനും ആഗ്രഹിക്കും ഇഷ്‌ടമുള്ളതൊക്കെ ചെയ്യണമെന്ന്'- മധുവാര്യർ പറഞ്ഞു.

മഞ്ജുവിന്റെ യാത്രകളിൽ നിന്ന് ഇൻസ്പിരേഷൻ കിട്ടിയപ്പോൾ താനും ഒറ്റയ്‌ക്ക് നോർത്ത് ഈസ്‌റ്റിലേക്ക് ഒരു യാത്രപോയിരുന്നെന്നും ഇനിയും യാത്രകൾ ചെയ്യണമെന്നുണ്ടെന്നും മധുവാര്യർ കൂട്ടിച്ചേർത്തു.

ഈ അടുത്ത് ധനുഷ്‌ക്കോടിയിൽ മഴയത്ത് ബൈക്ക് ഓടിക്കുന്ന മഞ്ജുവാര്യരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധിപേരാണ് താരത്തിന്റെ വീഡിയോയ്‌ക്ക് താഴെ കമൻഡ് ചെയ്‌ത്. പലരുടെയും ജീവിതത്തിൽ വലിയ ഇൻസ്‌പിരേഷനാണ് മഞ്ജുവാര്യർ. ബൈക്ക് ഓടിക്കാനുള്ള ആഗ്രഹത്തിന് പിന്നിൽ ചേട്ടന്റെ ബുള്ളറ്റിന് വലിയ പങ്കുണ്ടെന്ന് മഞ്ജുവാര്യർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.