ചരിത്രനേട്ടം, മുംബയ് കോർപ്പറേഷൻ ഭരണം പിടിച്ച് ബിജെപി, അവസാനിച്ചത് താക്കറെ കുടുംബത്തിന്റെ ആധിപത്യം

Friday 16 January 2026 7:17 PM IST

മുംബയ്: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമായ ബൃഹൻ മുംബയ് മുനിസിപ്പിൽ കോർപ്പറേഷൻ (ബി.എം.സി)​ ഭരണം പിടിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം. 28 വർഷത്തെ താക്കറെ കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ബി.ജെ.പി -ഷിൻഡെ സഖ്യം അധികാരത്തിലെത്തുന്നത്. 227 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 217 ഇടങ്ങളിലെ ഫലം പുറത്തുവന്നപ്പോൾ 116സീറ്റുകളാണ് മഹായുതി സഖ്യം സ്വന്തമാക്കിയത്. ബി.ജെ.പി 88 സീറ്റുകളിലും ശിവസേന 28 സീറ്റുകളിലും വിജയിച്ചു.

ഉദ്ധവ് വിഭാഗം ശിവസേന 74 സീറ്റുകളാണ് നേടിയത്. രാജ് താക്കറെയുടെ നവനിർമ്മാൺ സേന എട്ടു സീറ്റുകളും കോൺഗ്രസ് 11 സീറ്റുകളിലും ലീഡ് നേടി. 20 വർഷത്തെ അകൽച്ച അവസാനിപ്പിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരുമിച്ചാണ് ഇത്തവണ മത്സരിച്ചത്. അതേസമയം പാർട്ടി ചിഹ്നവും പ്രവർത്തകരിൽ ഒരു വിഭാഗവും നഷ്ടപ്പെട്ടിട്ടും ഉദ്ധവ് വിഭാഗം 60ലേറെ സീറ്റുകൾ നിലനിറുത്തിയത് താക്കറെ കുടുംബത്തിന്റെ സ്വാധീനം പൂർണമായും അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയായും വിലയിരുത്തുന്നു.

74,​400 കോടി രൂപയിൽ കൂടുതൽ വാർ‌ഷിക ബഡ്ജറ്റുള്ള കോർപ്പറേഷൻ ഭരണം നേടിയത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ വിജയമാണ്. പുതിയ മേയർ ബി.ജെ.പിയിൽ നിന്നായിരിക്കുമോ ശിവസേനയിൽ നിന്നായിരിക്കുമോ എന്ന ചോദ്യത്തിന്,​ അത് മഹായുതിയിൽ നിന്നുള്ള ആളായിരിക്കുമെന്ന് ഷിൻഡെ മറുപടി നൽകി. വരുംദിവസങ്ങളിൽ സഖ്യകക്ഷികൾ ചേർന്ന് ഇതിൽ അന്തിമ തീരുമാനമെടുക്കും.