ജസ്റ്റിസ് യശ്വന്ത് വർമ്മ അന്വേഷണം നേരിടണം

Saturday 17 January 2026 12:41 AM IST

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടു കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമ്മ അന്വേഷണം നേരിടണം. ഇംപീച്ച്മെന്റിന് മുന്നോടിയായുള്ള മൂന്നംഗസമിതിയുടെ അന്വേഷണത്തിനെതിരെ യശ്വന്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സമിതി രൂപീകരിച്ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ നടപടിയിൽ ഇടപെടാൻ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,​ സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.

2025 ജൂലായ് 21ന് ലോക്‌സഭയിലും രാജ്യസഭയിലും ഒരേസമയം ഇംപീച്ച്മെന്റ് പ്രമേയം വന്നിരുന്നു. അന്നത്തെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻകർ അന്നേ ദിവസം നാടകീയമായി രാജിവച്ചു. ആഗസ്റ്റ് 11ന് രാജ്യസഭാ ഡെപ്യൂട്ടി ചെയ‌ർമാൻ പ്രമേയം തള്ളി. ആഗസ്റ്റ് 12ന് ലോക്‌സഭാ സ്‌പീക്കർ സമിതി രൂപീകരിച്ചു. ഇതു നിയമവിരുദ്ധമാണെന്നായിരുന്നു യശ്വന്ത് ചൂണ്ടിക്കാട്ടിയത്. എന്നാൽ, രാജ്യസഭയും ലോക്‌സഭയും ഒരു പോലെ പ്രമേയം സ്വീകരിച്ചാൽ മാത്രമേ സംയുക്ത സമിതി രൂപീകരിക്കേണ്ട കാര്യമുള്ളുവെന്ന് സുപ്രീംകോടതി നിലപാടെടുത്തു. ലോക്‌സഭ സ്വീകരിച്ചു,​ രാജ്യസഭ നിരസിച്ചു. ഡെപ്യൂട്ടി ചെയ‌ർമാന് തീരുമാനമെടുക്കാൻ അധികാരമില്ലെന്ന വാദവും സുപ്രീം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ആ സമയത്ത് രാജ്യസഭയ്‌ക്ക് അദ്ധ്യക്ഷനുണ്ടായിരുന്നില്ല.

തീപിടിത്തമുണ്ടായ 2025 മ‌ാർച്ച് 14ന് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് യശ്വന്ത് സമിതിയെ അറിയിച്ചു. നോട്ടു കൂമ്പാരം കണ്ടെത്തിയിട്ടില്ല. തീപിടിത്തമുണ്ടായത് ഔട്ട് ഹൗസിലാണ്. തന്റെ വസതിയിൽ നിന്ന് വേറിട്ടാണ് ഔട്ട് ഹൗസെന്നും വ്യക്തമാക്കി. യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെയാണ് ഔദ്യോഗിക വസതിയിൽ നോട്ടു കൂമ്പാരം കണ്ടെത്തിയത്. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയാണ്.