വാരാണസിയുടെ പശ്ചാത്തലത്തിൽ പ്യൂപ്പ,​ ട്രെയിലർ പുറത്ത്

Friday 16 January 2026 8:00 PM IST

നടനതീർഥ പ്രൊഡക്ഷന്റെ ബാനറിൽ ടോണി സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്യൂപ്പ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വാരാണസിയുടെ പശ്ചാത്തലത്തിൽ പ്രണയവും സസ്‌പെൻസും നിലനിർത്തി കഥപറയുന്ന ചിത്രത്തിൽ പ്രശസ്ത അവതാരകൻ ജീവേശ് വർഗീസും നർത്തകി ദീപ സജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്യൂപ്പ ദ: ഇവല്യൂഷൻ ഇൻ വോംബ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ചെന്നെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായ ബൊണാമിയുടെ സംവിധായകനാണ് ടോണി സുകുമാർ. പുരാതന നഗരമായ വാരണസിയുടെ പ്രണയ മുഖമാണ് രാജ്കുമാർ ഭാസ്‌കരൻ സിനിമാറ്റോഗ്രാഫിയിലൂടെ പ്രേക്ഷക മുന്നിൽ എത്തിക്കുന്നത്.

ജോ പോൾ രചന നിർവ്വഹിച്ച മൂന്ന് മനോഹര ഹിന്ദി ഗാനങ്ങൾ ചിത്രത്തിലുണ്ട്. രഘുപതി പൈ ഉത്തര ഭാരതത്തിന്റെ പ്രണയസംഗീതം കൊണ്ട് ഗാനങ്ങൾക്ക് ഈണം ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ പ്രമോദ് പടിയത്ത്, ആർട്ട് യദു കൃഷ്ണൻ, ടെക്നിക്കൽ സൂപ്പർവിഷൻ എൽവിൽ രാജൻ, എഡിറ്റിംഗ് പ്രിൻസ് സിറിയക്ക്, ശബ്ദമിശ്രണം രാധാകൃഷ്ണൻ, ഡിഐ അരുൺ കുമാർ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. സഹകഥാപാത്രങ്ങളായി ദാസൻ , അഭിലാഷ്, ഷഹീൻ , പൗർണ്ണമി, കൃഷ്ണ, ജിയോമി , പ്രമോദ്, രഞ്ജിത്ത്, വിവേക് എന്നിവർ വേഷമിടുന്നു.