ടി.ബി ജംഗ്ഷനിൽ ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് വേണം

Saturday 17 January 2026 1:08 AM IST

നെയ്യാറ്റിൻകര: ടി.ബി.ജംഗ്ഷനിലെ നെയ്യാറ്റിൻകര പൊതുചന്ത ആധുനിക രീതിയിൽ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾ പഴക്കമുള്ളതാണ് പടവിള ചന്ത എന്നറിയപ്പെടുന്ന ടി.ബി ജംഗ്ഷനിലെ നഗരസഭവക പൊതുമാർക്കറ്റ്. കഴിഞ്ഞ നഗരസഭ ബഡ്ജറ്റിൽ ഒന്നര കോടി രൂപ പുതിയമാർക്കറ്റ് പണിക്കായി നീക്കിവച്ചിരുന്നു. എന്നാൽ ടെൻ‌ഡർ ക്ഷണിക്കുകയോ മാർക്കറ്റിനായി ആധുനിക രീതിയിലുള്ള പ്ളാൻ വരയ്ക്കുകയോ ചെയ്തിട്ടില്ല. പകരം ചന്ത വൃത്തിഹീനമാകുമ്പോൾ അതിനുള്ളിലെ കച്ചവടക്കാരെ ഒഴിപ്പിക്കുകയാണ് സ്ഥിരം പതിവ്.

ചന്തയിൽ ദുർഗന്ധം

മാംസാവശ്യത്തിന് അറവുമാടുകളെ കശാപ്പ് ചെയ്യുന്ന വേസ്റ്റും മത്സ്യാവശിഷ്ടവും ചേർന്ന് ചന്ത ദു‌ർഗന്ധപൂരിതമാണ്. ഇവിടം ശുചിയാക്കുവാനുള്ള തൊഴിലാളികളെ നിയമിച്ചിട്ടില്ല. ബ്ളീച്ചിംഗ് പൗഡറോ ശുചീകരണ ലോഷനോ ഉപയോഗിച്ച് ചന്ത വൃത്തിയാക്കണമെന്ന കച്ചവടക്കാരുടെ ആവശ്യം പരിഗണിക്കുന്നില്ല. കൊതുകും പകർച്ചവ്യാധി പടർത്തുന്ന കൃമികീടങ്ങൾക്കരുകിൽ ഇരുന്നാണ് പച്ചക്കറി- മത്സ്യക്കച്ചവടം ചെയ്യുന്നത്. ഇവിടെ നിന്നും ഒലിച്ചിറങ്ങുന്ന രക്തം കലർന്ന മലിനജലം തൊട്ടടുത്തുള്ള മരുത്തൂർ തോടിലേക്കാണ് ഒഴുകിയെത്തുന്നത്. നിരവധി പേർ കുളിക്കുകയും വസ്ത്രം കഴുകുകയും ചെയ്യുന്നത് മരുത്തൂർ തോട്ടിലാണ്.

ശുചീകരിക്കണം

വൃത്തിഹീനത കാരണം രോഗങ്ങൾ പകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ദുർഗന്ധം സഹിക്കാതെ ആകുമ്പോൾ കച്ചവടക്കാർ ജംഗ്ഷനിലെ റോഡരുകിലേക്ക് കച്ചവടം മാറ്റുകയാണ് ചെയ്യുന്നത്. ഇത് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു.

അറവുശാലയില്ല

ആധുനിക രീതിയിലുള്ള അറവ് ശാലയും ജൈവമാലിന്യ സംസ്കരണത്തിന് ഇൻസിലേറ്ററും സ്ഥാപിക്കാനായി കഴിഞ്ഞ ബ‌ഡ്ജറ്റിൽ തുക ഉൾക്കൊള്ളിച്ചെങ്കിലും അധികൃതർ വകമാറ്റി ചെലവിട്ടു.