ജാതി വിവേചനത്തിന് എതിരെ യു.ജി.സി ചട്ടം
ഉന്നത വിദ്യാഭ്യാസം നേടുന്നതിലൂടെ ജാതിയുടെ പേരിലുള്ള പല വിവേചനങ്ങളെയും വ്യക്തികൾക്ക് അതിജീവിക്കാനാവും. അംബേദ്‌കറെ കേൾക്കാൻ ഇന്ത്യ തയ്യാറായതുതന്നെ അദ്ദേഹം ഇംഗ്ളണ്ടിൽ നിന്ന് ഉന്നത ബിരുദങ്ങൾ ഉയർന്ന നിലയിൽ കരസ്ഥമാക്കി മടങ്ങിവന്ന പ്രതിഭയാണ് എന്നത് ആർക്കും നിഷേധിക്കാനാവാത്തതുകൊണ്ട് കൂടിയാണ്. വിദ്യാഭ്യാസത്തിലൂടെ ഉയർന്ന് ഉന്നത സ്ഥാനങ്ങളിലെത്തുന്ന വ്യക്തിക്കു മുന്നിൽ ജാതിയുടെ പേരിലുള്ള പല വിവേചനങ്ങളും വഴി മാറിയേ മതിയാകൂ. വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തിക്കു മാത്രമല്ല, ഒരു സമുദായത്തിനാകെ ഉയരാനാകും. കേരളത്തിൽ ഈഴവ, മുസ്ളിം വിഭാഗങ്ങൾ കൈവരിച്ച സാമ്പത്തികവും സാമൂഹ്യവുമായ ഉയർച്ച അതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്.
ഒരു ജനതയെ എന്നെന്നും അടിമകളായി നിലനിറുത്താൻ അവർക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ മാത്രം മതി. ഭാരതത്തിലും നൂറ്റാണ്ടുകളായി ഇതൊക്കെത്തന്നെയാണ് നിലനിന്നിരുന്നത്. ദളിത്- പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഉയർന്ന വിഭാഗക്കാർ കുടിപ്പള്ളിക്കൂടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ ധൈഷണികമായി അത്തരം സമുദായങ്ങൾ ഒരു പരിധി കഴിഞ്ഞ് ഉയരില്ല. അതുറപ്പാക്കാനാണ് അവർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്. ഇതൊക്കെ പഴയ കഥകളാണെങ്കിലും അതിന്റെ ദുഷ്ടുകൾ ഇപ്പോഴും പല സ്ഥാപനങ്ങളിലും അവശേഷിക്കുന്നുണ്ട്. ദളിത്- പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ ചില വിദ്യാർത്ഥികൾ ജാതി പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സംഭവങ്ങളിലൂടെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരം വിവേചനങ്ങൾ പുറത്തുവന്നത്. സമൂഹത്തിൽ ഇത് വലിയ പ്രതിഷേധങ്ങൾക്കും ഒച്ചപ്പാടുകൾക്കും ഇടയാക്കുകയും, ഇത്തരം പ്രവൃത്തികൾ തടയുന്നതിനുള്ള നിയമ നിർമ്മാണത്തിന് സുപ്രീംകോടതിയുടെ വരെ ഇടപെടൽ ഉണ്ടാവുകയും ചെയ്തു.
സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ യു.ജി.സി ഇപ്പോൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. ക്യാമ്പസുകളിൽ തുല്യതാ സമിതികൾ രൂപവത്‌കരിക്കുന്നതടക്കം പുതിയ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യുന്നതാണ് ചട്ടങ്ങൾ. കഴിഞ്ഞ ഫെബ്രുവരിയിൽ യു.ജി.സി പരിഷ്കരിച്ച നിയമങ്ങളുടെ കരട് പ്രസിദ്ധീകരിച്ചപ്പോൾ പിന്നാക്ക വിഭാഗങ്ങളെ ജാതിവിവേചനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനും വിവേചനം നിർവചിക്കുന്നതിലെ വ്യക്തതക്കുറവിനും വ്യാപകമായ വിമർശനം ഉയർന്നിരുന്നു. അതിനാൽ അന്തിമ വിജ്ഞാപനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള വിവേചനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവേചനത്തെക്കുറിച്ചുള്ള തെറ്റായ പരാതികൾ നിരുത്സാഹപ്പെടുത്താനുള്ള വഴി എന്ന പേരിൽ അത്തരം പരാതികൾ നൽകുന്നവർക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥ നേരത്തേ കരടിൽ ഉണ്ടായിരുന്നു. ഇത് പരാതിക്കാരെ ഉപദ്രവിക്കാൻ കാരണമാകുമെന്ന വിമർശനം വന്നതോടെ അന്തിമ വിജ്ഞാപനത്തിൽ പിഴ വ്യവസ്ഥയും ഒഴിവാക്കി. പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം തുല്യതാ സമിതി യോഗം ചേർന്ന് 15 പ്രവൃത്തിദിവസത്തിനകം അന്വേഷണം പൂർത്തിയാക്കുകയും, ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏഴുദിവസത്തിനകം നടപടി സ്വീകരിക്കുകയും വേണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. ഇതൊക്കെ വെള്ളം ചേർക്കാതെ നടപ്പാക്കിയാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കഴിയും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിക്കും മതത്തിനുമൊന്നും ഒരു സ്ഥാനവുമില്ല. വിദ്യാഭ്യാസത്തിനും അതിന്റെ മേന്മയ്ക്കുമായിരിക്കണം അവിടെ ഉയർന്ന സ്ഥാനം ഉണ്ടായിരിക്കേണ്ടത്. വിദ്യയിലൂടെ പ്രബുദ്ധതയിലേക്ക് ഉയരാനുള്ള അടിസ്ഥാനമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കേണ്ടത്.