മോതിരം കാണാതായ സംഭവം: കായംകുളം നഗരസഭ മുൻ അദ്ധ്യക്ഷക്കെതിരെ കേസ്

Saturday 17 January 2026 1:33 AM IST

കായംകുളം : കായംകുളം നഗരസഭയിൽ ഹരിതകർമ്മസേനാംഗങ്ങൾ ഏൽപ്പിച്ച സ്വർണമോതിരം കാണാതായ സംഭവത്തിൽ നഗരസഭ മുൻചെയർപേഴ്സൺ പി.ശശികലക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എസ്.ചെമ്പകപ്പള്ളി കായംകുളം ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണത്തിന്റെ ഭാഗമായി നഗരസഭയിലെ ജൂനിയർ ഹെൽത്ത് സൂപ്രണ്ടിനെയും ജനറൽ സൂപ്രണ്ടിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹരിതകർമ്മ സേനാംഗം രാജികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി.ശശികലയെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2023 ഡിസംബർ 22നാണ് നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവർക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ മോതിരം ലഭിച്ചത്. ഇവർ ഇത് നഗരസഭയിൽ ഏൽപ്പിച്ചു. 11 ഗ്രാം തൂക്കമുണ്ടെന്ന് പറയപ്പെടുന്ന മോതിരം പിന്നീട് കാണാതായി.

പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്ന് പി.ശശികല പറഞ്ഞു. സെക്രട്ടറിയുടെ അഭാവത്തിൽ മോതിരം സൂക്ഷിക്കുവാൻ സൂപ്രണ്ടിനെ ഏൽപ്പിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി. താൻ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മോതിരം കളഞ്ഞു കിട്ടിയ കാര്യം അറിഞ്ഞത്. ഇത് നഗരസഭയുടെ സ്ട്രോംഗ് റൂമിൽ വയ്ക്കാൻ നിർദ്ദേശിച്ച് മുൻസിപ്പൽ സെക്രട്ടറിയുടെ അഭാവത്തിൽ ജനറൽസൂപ്രണ്ടിന് ഹരിത കർമ്മ സേനാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ അപ്പോൾ തന്നെ കൈമാറി. വസ്തുത ഇതായിരിക്കെ താൻ മോതിരം വാങ്ങിയെടുത്തു എന്ന് പ്രചരിപ്പിക്കുന്നത് വ്യക്തിഹത്യ ചെയ്യുന്നതിനാണെന്ന് ശശികല പറഞ്ഞു.

എന്നാൽ, സെക്രട്ടറിയുടെ അഭാവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മോതിരം ഏൽപ്പിച്ചെന്ന വിശദീകരണം ഉദ്യോഗസ്ഥർ നിഷേധിച്ചു.