പെരിങ്ങമ്മല വില്ലേജ് ഓഫീസ് മന്ദിര നിർമ്മാണം ഇഴഞ്ഞിഴഞ്ഞ്

Saturday 17 January 2026 1:12 AM IST

പാലോട്: പെരിങ്ങമല സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞ വർഷം ജനുവരി അവസാന ആഴ്ചയിലാണ് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തുന്നതിനുള്ള നിർമ്മാണോദ്ഘാടനം നടന്നത്. ആറ് മാസത്തിനുള്ളിൽ സ്മാർട്ട് വില്ലേജ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

നിലവിലെ കെട്ടിടം പൊളിച്ചതോടെ ജീവനക്കാരും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ടുകയാണ്. 50ലക്ഷം ചെലവിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം നടക്കുന്നത്. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പെരിങ്ങമ്മലയിൽ നിന്നും പാലോട്ടെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ കെട്ടിടം മാറ്റൽ രാഷ്ട്രീയ വിവാദവുമായി. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ഏഴുമാസം കഴിഞ്ഞിട്ടും കെട്ടിടം പൊളിച്ചുമാറ്റാത്തത് വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയത്. 1988ൽ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പ്രവർത്തനം ആരംഭിച്ചെങ്കിലും 10വർഷത്തിനുള്ളിൽ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയത് വലിയ വിവാദങ്ങൾക്ക് ഇടനൽകി.

വലിപ്പത്തിൽ സംസ്ഥാനത്ത്

രണ്ടാം സ്ഥാനം

വലിപ്പത്തിൽ സംസ്ഥാനത്തെ രണ്ടാം സ്ഥാനത്തുള്ള വില്ലേജാണ് പെരിങ്ങമ്മല. ബ്രൈമൂറിൽ തുടങ്ങി കുളത്തൂപ്പുഴയ്ക്കു സമീപമുള്ള ശാസ്താനടയിലാണ് പെരിങ്ങമ്മല വില്ലേജ് അവസാനിക്കുന്നത്. 4860ഹെക്ടറാണ് വിസ്തൃതി.

ജീവനക്കാർ കുറവ്

വില്ലേജിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ആവശ്യമായ ജീവനക്കാർ ഇല്ല. നിലവിൽ വില്ലേജ് ഓഫീസർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ മാത്രമാണുള്ളത്. കോടതി വ്യവഹാരങ്ങൾ,റവന്യൂ റിക്കവറി, അദാലത്തുകൾ,പട്ടയമേള തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് പിടിപ്പത് പണിയാണ് നിലവിലുള്ളത്. ഇതുകൂടാതെയാണ് ദൈനംദിന ആവശ്യങ്ങൾക്കായി വില്ലേജിലെത്തുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്. അടിയന്തരമായി വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിനു പരിഹരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിസ്ഥിതി സൗഹൃദമാക്കണം

പെരിങ്ങമ്മ വില്ലേജ് പരിസ്ഥിതി സൗഹൃദ വില്ലേജ് ഓഫീസാക്കുമെന്നാണ് പറഞ്ഞിരുന്നത്. പ്രതിദിനം നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ഇടമാണ്. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ആവശ്യമായ ടോയ്‌ലെറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ് എന്നിവയെല്ലാം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.