ക്ഷാമബത്തയിലെ സത്യവാങ്മൂലം
സർക്കാർ എന്ന് നമ്മൾ വിളിക്കുന്നത് മന്ത്രിസഭാംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സാമാജികരും ഉൾപ്പെട്ട രാഷ്ട്രീയ ഭരണസംഘത്തെ മാത്രം ഉദ്ദേശിച്ചല്ല. ഭരണയന്ത്രത്തെ ചലിപ്പിക്കുകയും, ആ സംവിധാനത്തെ നയിക്കുകയും ചെയ്യുന്ന ജീവനക്കാർ കൂടി ഉൾപ്പെടുമ്പോഴാണ് സർക്കാർ എന്ന എസ്റ്റാബ്ളിഷ്മെന്റിന്റെ ഉള്ളടക്കവും അർത്ഥവും പൂർണതയുള്ളതും ജീവസുറ്റതുമാകുന്നത്. ആ ജീവനക്കാരെ സർക്കാർ തന്നെ തള്ളിപ്പറയുന്നതിനു തുല്യമായൊരു സത്യവാങ്മൂലമാണ് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത (ഡി.എ) വിഷയത്തിൽ സർക്കാരിനു വേണ്ടി കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ക്ഷാമബത്ത എന്നത് ജീവനക്കാരുടെ അവകാശമല്ലെന്നും, അത് എപ്പോൾ, എങ്ങനെ നല്കണമെന്നത് നയപരമായ തീരുമാനമാണ് എന്നുമായിരുന്നു, ജീവനക്കാരുടെ സംഘടനകളിൽ നിന്ന് വ്യാപകമായ പ്രതിഷേധവും എതിർപ്പും ക്ഷണിച്ചുവരുത്തിയ സത്യവാങ്മൂലത്തിലെ വാദം.
ഡി.എ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിന്റെ തീയതി മുതൽക്കാണ് അതിന് പ്രാബല്യമുണ്ടാവുകയെന്നും, അതനുസരിച്ച് കുടിശിക അവകാശപ്പെടാൻ ജീവനക്കാർക്ക് നിയമപരമായ അവകാശമില്ലെന്നും കൂടി സത്യവാങ്മൂലത്തിൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ജീവനക്കാരെ കൈയൊഴിയുകയും, അവരുടെ അവകാശങ്ങളെ ചോദ്യംചെയ്യുകയും ചെയ്യുന്ന നടപടിയായിപ്പോയി. ക്ഷാമബത്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതികളുടെ ഇടപെടൽ പരിമിതമായിരിക്കണമെന്ന് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുക കൂടി ചെയ്തതോടെ ജീവനക്കാർ ഒരുപക്ഷത്തും, സർക്കാർ മറുപക്ഷത്തുമാണെന്ന ധ്വനിയും വ്യാഖ്യാനവും വരെയുണ്ടായി. കുടിശികയുള്ള ഡി.എ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ളോയീസ് ഓർഗനൈസേഷൻസ് നല്കിയ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു സർക്കാരിന്റെ അധിക സത്യവാങ്മൂലം. അതേസമയം, സാമ്പത്തിക ഞെരുക്കമാണ് ഇത്തരമൊരു വാദത്തിനു കാരണമെന്നും, അതല്ലാതെ ജീവനക്കാരുടെ അവകാശത്തെ ചോദ്യംചെയ്യണമെന്ന ഉദ്ദേശ്യമൊന്നും ഇല്ലെന്നും ആ സത്യവാങ്മൂലത്തിൽ നിന്നുതന്നെ വ്യക്തമാണുതാനും.
അതുകൊണ്ടായിരിക്കണമല്ലോ, മാദ്ധ്യമങ്ങളിൽ ഈ സത്യവാങ്മൂലം വലിയ വാർത്തയാവുകയും ജീവനക്കാർ പ്രതിഷേധമുയർത്തുകയും ചെയ്തയുടൻ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ അതിന് വാർത്താസമ്മേളനത്തിൽ വിശദീകരണം നല്കാൻ തയ്യാറായത്. ജീവനക്കാർക്ക് ഡി.എ കുടിശ്ശിക നല്കണമെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും, നല്കാനുള്ള കുടിശ്ശിക പൂർണമായും നല്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ഉറപ്പു നല്കിയിട്ടുണ്ട്. 2023 ജൂലായ് ഒന്നു മുതൽ 2025 ജൂലായ് ഒന്നു വരെ പ്രഖ്യാപിച്ച ക്ഷാമബത്തയാണ് നിലവിൽ കുടിശികയുള്ളത്. അതുതന്നെ ആകെ 13 ശതമാനം വരും. ഇനി, ഈ ജനുവരിയിൽ പ്രഖ്യാപിക്കേണ്ട ഡി.എ കൂടി ചേർത്താൽ 15 ശതമാനമാകും. കുടിശിക തീർത്തുകൊടുക്കാൻ ഇപ്പോഴത്തെ കണക്കനുസരിച്ച് ഖജനാവിൽ നിന്ന് 16,000 കോടി രൂപയെങ്കിലും കണ്ടെത്തണം. രൂക്ഷമായ സാമ്പത്തിക ഞെരുക്കം കാരണം ശ്വാസംമുട്ടുന്ന സർക്കാരിന്, അതിനിടയിൽ ക്ഷാമബത്ത കുടിശികയുടെ കാര്യം തത്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കേണ്ടിവന്നേക്കാം.
കുടിശിക തീർക്കാൻ ഹൈക്കോടതി സമയനിബന്ധന വല്ലതും പുറപ്പെടുവിച്ചാലോ എന്ന ശങ്കകൊണ്ടാകണം, അത് എപ്പോൾ, എങ്ങനെ കൊടുക്കണമെന്നത് നയപരമായ തീരുമാനമാണെന്ന് സർക്കാർ പറഞ്ഞത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ നേരത്തേയുള്ള ഇടപെടൽ ചൂണ്ടിക്കാട്ടിയതിന്റെ കാരണവും അതുതന്നെ. ജീവിത നിലവാര സൂചികയനുസരിച്ച് ആറുമാസം കൂടുമ്പോഴാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ക്ഷാമബത്തയായി പ്രഖ്യാപിക്കേണ്ടത്. എന്ത് ധനകാര്യ സ്ഥിതി പറഞ്ഞിട്ടായാലും അത് പ്രഖ്യാപിക്കാതിരിക്കാനോ, നല്കാതിരിക്കാനോ ആവില്ല. ഡി.എ പ്രഖ്യാപനം വൈകിയാൽ നിശ്ചിത തീയതി മുതൽ മുൻകാല പ്രാബല്യം നല്കുന്നതിനുള്ള കാരണവും അതുതന്നെയാണ്. ഇതെല്ലാം ബോദ്ധ്യമുണ്ടായിട്ടും സർക്കാർ നിയമവശം പറയാൻപോയത് ഞെരുക്കം കാരണം ബുദ്ധിമുട്ടിപ്പോയതുകൊണ്ടാണ് എന്നേ കരുതാനാകൂ. അല്പം ശ്രദ്ധവച്ചിരുന്നെങ്കിൽ ഈ വാദവും തെറ്റിദ്ധാരണയും ഒഴിവാക്കാമായിരുന്നു എന്നു മാത്രം.