കാസര്‍കോട് സ്‌കൂളിനുള്ളില്‍ മോഷണം, പണവും ലാപ്‌ടോപ്പും കൊണ്ടുപോയി
Friday 16 January 2026 10:01 PM IST
കാസര്‍കോട്: സ്‌കൂളിനുള്ളില്‍ മോഷണം നടത്തി പണവും ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു. കാസര്‍കോട് കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്‌കൂളിലാണ് മോഷണം നടന്നത്. അഞ്ച് ലാപ്‌ടോപ്പുകളും പണവുമാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂര്‍ ഗവ. മാപ്പിള എല്‍ പി സ്‌കൂളിലാണ് മോഷണം നടന്നത്. സ്‌കൂള്‍ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗണ്‍ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.
രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നുവെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഇവര്‍ സ്‌കൂള്‍ അധികാരികളെ വിവരം അറിയിക്കുകയും ചെയ്തു. പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികള്‍ ഉപയോഗിക്കുന്ന അഞ്ച് ലാപ്‌ടോപ്പുകളാണ് കള്ളന്‍ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.