വീട്ടമ്മയെ കൊന്ന് സ്വർണ്ണം കവർന്ന പ്രതി അറസ്റ്റിൽ കൊലപാതകം തെളിയിച്ചത് 24 മണിക്കൂറിനുള്ളിൽ

Friday 16 January 2026 10:07 PM IST

കാസർകോട്: കുംബഡാജെ മൗവ്വാർ ഗോസാഡ ആജിലയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മ ഗോസാഡയിലെ പുഷ്പാവതി വി.ഷെട്ടിയെ (70) കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാടുവെട്ട് യന്ത്രം ഉപയോഗിച്ച് തൊഴിൽ ചെയ്യുന്ന ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പരമേശ്വര എന്ന രമേശ് നായിക്ക്( 46 ) ആണ് അറസ്റ്റിലായത്.

ബദിയടുക്ക ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 24 മണിക്കൂറിനകമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ ചോദ്യം ചെയ്തുവരികയായിരുന്ന പ്രതിയെ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. കൈകൾ കൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചും വായപൊത്തിയുമാണ് പുഷ്പവതിയെ കൊലപ്പെടുത്തിയത്.

വീട്ടമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാല് പവന്റെ കരിമണി മാല കൈക്കലാക്കാൻ ആണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. കൃത്യം നടത്തിയതിന് ശേഷം കടന്നുകളയുകയായിരുന്നു. തൊണ്ടിമുതൽ ഒളിപ്പിച്ചു വെച്ച സ്ഥലം പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.

നാട്ടുകാരിൽ നിന്ന് നിർണായകവിവരം

രമേശ് നായിക്കിനെ കുറിച്ച്നാട്ടുകാർ നൽകിയ ചില നിർണ്ണായക വിവരങ്ങളാണ് കാടുവെട്ടുന്ന തൊഴിലാളിയിലേക്ക് അന്വേഷണം എത്താൻ പൊലിസിനെ സഹായിച്ചത്.ഉച്ചയോടെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ വീട്ടിലെ അടുക്കള ഭാഗത്തിന് സമീപമാണ് ഒറ്റക്ക് താമസിക്കുന്ന പുഷ്‌പാവതി വി ഷെട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.വീടിനുള്ളിൽ പിടിവലി നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കണ്ടെത്തിയത് സംശയം ഉണ്ടാക്കിയിരുന്നു. കഴുത്തിന്റെ ഭാഗത്ത് കരുവാളിച്ചതും മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളും ഉള്ളതിനാൽ മരണം കൊലപാതകമാണെന്ന് നിഗമനത്തിലാണ് ബദിയടുക്ക ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്നും അന്വേഷണസംഘം ഉറപ്പിച്ചു. തൊട്ടടുത്തുള്ള കുടുംബം പുറത്തുപോയ സമയമായിരുന്നു കൊലപാതകത്തിന് തിരഞ്ഞെടുത്തത്. പുഷ്പാവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ കരിമണി മാല നഷ്ടപ്പെട്ടിരുന്നു. മോഷണത്തിനിടെ കൊലപാതകം നടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോയത്.വീട്ടിന്റെ മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലും അടുക്കള വാതിൽ തുറന്ന നിലയിലുമാണ് കണ്ടെത്തിയിരുന്നത്.