വേനലിൽ വാടി ടൂറിസം മേഖല
വെഞ്ഞാറമൂട്: മകരത്തിൽ മരം കോച്ചുന്ന തണുപ്പും മഞ്ഞുമില്ലാതെ കാറ്റിലും വെയിലിലും വെന്തുരുകി ടൂറിസം മേഖല. സഞ്ചാരികളെത്താതെ വേനൽച്ചൂടിൽ വാടിത്തളർന്നിരിക്കുകയാണ് ജില്ലയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളും. ചൂട് കൂടിയതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ രാവിലെ മുതൽ ഉച്ചവരെയെത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഇതോടെ കൊടുംചൂടിൽ നിന്ന് ആശ്വാസത്തിനായി മലമുകളിലെ മഞ്ഞും കാഴ്ചകളും തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ചൂട് കൂടിയതോടെ ഹരിതാഭമായ മലമുകളെല്ലാം തീപിടിത്ത ഭീഷണിയിലാണ്. പച്ചപ്പുതച്ച് സഞ്ചാരികളെ മാടിവിളിച്ചിരുന്ന വെള്ളാണിക്കൽപ്പാറ, കടലുകാണിപ്പാറ എന്നിവിടങ്ങൾ സഞ്ചാരികൾ മറന്ന മട്ടാണ്. വാമനപുരം നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ കല്ലാർ, മീൻമൂട് എന്നിവിടങ്ങൾ നീർച്ചാലായി മാറി. വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞതും സഞ്ചാരികളുടെ കുറവിന് പ്രധാന കാരണമാണ്. എന്നാൽ ജലലഭ്യതയുള്ളയിടങ്ങളിൽ ആളുകൾ എത്തുന്നുണ്ട്. മങ്കയം, വെള്ളച്ചാട്ടം, പാലരുവി എന്നിവിടങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഉയർച്ചയുണ്ട്. വേനൽ കടുത്താൽ വരും ദിവസങ്ങളിൽ ജലാശയങ്ങളിലെ ഉള്ള വെള്ളം കൂടി വറ്റുമെന്ന ആശങ്കയുമുണ്ട്.
വന്യമൃഗങ്ങൾ കാടിറങ്ങുമ്പോൾ
വേനൽ കനത്തതോടെ കാട്ടിൽ നിന്ന് നാട്ടിലേക്കുള്ള വന്യമൃഗങ്ങളുടെ വരവും കൂടി. കാട്ടുപന്നിയും കുരങ്ങും മയിലും മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കാട്ടുപോത്തും ആനയും കരടിയുമൊക്കെ നാട്ടിൽ വിഹരിക്കുകയാണ്. കൃഷി നശിപ്പിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.