കിളിയന്തറയിൽ ഓടുന്നതിനിടെ ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു
ഇരിട്ടി: ഇരിട്ടി - കൂട്ടുപുഴ റോഡിൽ കിളിയന്തറയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു.പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തിയതിന് പിന്നാലെ നാട്ടുകാരും ജീവനക്കാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനയാണ് തീ പൂർണ്ണമായും കെടുത്തിയത്.
ഇന്നലെ ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. രണ്ടു ദിവസമായി കൂട്ടുപുഴക്ക് സമീപം നിർത്തിയിട്ട അശോക ട്രാവൽസ് യന്ത്രതകരാർ പരിഹരിച്ച് തലശ്ശേരിയിലേക്ക് പോകുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. ബസ്സിന്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ ബസ് നിർത്തുകയായിരുന്നു. നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും സമയോചിത ഇടപെടൽ മൂലം തീ ആളിപ്പടരാതെ നിയന്ത്രിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കിളിയന്തറ ഹയർസെക്കൻഡറി സ്‌കൂളും നിരവധി വീടുകളും സ്ഥിതിചെയ്തിരുന്ന സ്ഥലത്തിനോട് ചേർന്നാണ് തീപ്പിടുത്തമുണ്ടായത്.കഴിഞ്ഞ മാസം മാക്കൂട്ടം ചുരത്തിൽ തീപിടിച്ച ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. അന്നും ബസിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്.
വിവരമറിഞ്ഞ് പായം പഞ്ചായത്തംഗം ഡെയ്‌സി മാണി മുൻ പഞ്ചായത്തംഗം അനിൽ എം കൃഷ്ണൻ, എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഫയർസ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ് ലാൽ, പി.എച്ച്.നൗഷാദ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, സൂരജ്, ഹോം ഗാർഡ് ജസ്റ്റിൻ ജെയിംസ് എന്നിവരാണ് അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നത്.