ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് മാസം ഇനിയും തുറക്കാതെ ശൗചാലയസമുച്ചയം

Saturday 17 January 2026 12:42 AM IST

കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗചാലയ സമുച്ചയം

തൊടുപുഴ: പണിതീരുംമുമ്പേ ഉദ്ഘാടനം നടത്തി, പൂർത്തിയായപ്പഴോ നാട്ടുകാർക്ക് ഉപകാരപ്രദമാകുന്നുമില്ല. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ മുനിസിപ്പൽ ശൗചാലയ സമുച്ചയമാണ് ഇനിയും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തത്.. പണി പൂർണമായും തീരും മുമ്പ് നവംബർ മൂന്നിനാണ് ശൗചാലയ സമുച്ചയം അന്നത്തെ നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം സമയത്തും ഇലക്ട്രിക്, പ്ലംബിങ് ജോലികളടക്കമുള്ളവ തീർന്നിട്ടില്ലായിരുന്നു. ഇപ്പോഴും ഇവിടെ തൊഴിലാളികൾ വിവിധ ജോലികൾ ചെയ്യുന്നത് കാണാം. കെട്ടിടത്തിന്റെ മുന്നിലാകെ കാടും വളർന്നിട്ടുണ്ട്.

ഉദ്ഘാടനശേഷം ആരും ഇതിലേ തിരിഞ്ഞുനോക്കിയിട്ടില്ല. . ദിവസേന ആയിരക്കണക്കിന് ജനം വന്നുപോകുന്ന സ്ഥലമാണ് തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡ്. നിലവിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന പൊതുശൗചാലയം മാത്രമാണ് ഇവിടെയുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുമെന്ന് കരുതിയ കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ശൗചാലയത്തിന്റെ കരാർ മാർച്ച് വരെയാണ്.

55.75 ലക്ഷത്തിന്റെ

നിർമ്മാണം

2019ലാണ് ശൗചാലയ സമുച്ചയത്തിന്റെ പണികൾ തുടങ്ങിയത്. 55.75 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ഇഴഞ്ഞ് നീങ്ങിയ നിർമ്മാണം തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ജോലികൾ പൂർത്തിയാകാതെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത്.

ഇഴഇനിയുമുണ്ട് പണികൾ

ശൗചാലയ സമുച്ചയത്തിൽ രണ്ട് മോട്ടോറുകൾ ഫിറ്റ് ചെയ്യാനുണ്ട്. ഒപ്പം ഭിന്നശേഷിക്കാർക്കും മറ്റും കയറാൻ റാമ്പും ഫിറ്റ് ചെയ്യണം. ഈ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

'നിലവിലുള്ള പണികൾ വേഗം തീർത്ത് ഫെബ്രുവരി ആദ്യം തുറക്കും."

-ചെയർപേഴ്സൺ സാബിറ ജലീൽ