പകൽ സമയത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന ആൺകുട്ടികളുടെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി പൊലീസ്
ബംഗളുരു : ബംഗളുരുവിൽ ആൺകുട്ടികളുടെ വേഷത്തിൽ പകൽസമയങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരാണ് പിടിയിലായത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സമ്പഗെ ഹള്ളി പൊലീസ് പിടികൂടിയത്.
കൗമാരക്കാരായ ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ച് സ്കൂട്ടറിലാണ് ഇവർ മോഷണത്തിന് എത്തുന്നത്. സ്കൂട്ടറിൽ കറങ്ങി വീടുകൾ നിരീക്ഷിക്കും. വീട്ടുകാർ പുറത്ത് പോയെന്ന് ഉറപ്പായാൽ അകത്തുകയറി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരും. ഈ വേഷപ്പകർച്ച കാരണം അയൽവാസികളുടെയോ വഴിപോക്കരുടെയോ കണ്ണിൽപ്പെടാതെ പകൽസമയത്ത് മോഷണം നടത്താൻ ഇവർക്ക് കഴിഞ്ഞിരുന്നു.
ജനുവരി 13ന് യെലഹങ്കയ്ക്ക് സമീപമുള്ള അഗ്രഹാര ലേഔട്ടിലെ ഓട്ടോഡ്രൈവർ സംഗമേസിന്റെ വീട്ടിൽ നടന്ന മോഷണമാണ് പ്രതികളെ കുടുക്കിയത്. ജോലി കഴിഞ്ഞെത്തിയ സംഗമേഷ്, തന്റെ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി. സംഗമേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ രണ്ട് ആൺകുട്ടികൾ സ്കൂട്ടറിൽ വന്നുപോകുന്നത് വ്യക്തമായിരുന്നു. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. സിസി ടിവിയിൽ കണ്ടത് ആൺകുട്ടികളെ ആയിരുന്നെങ്കിലും പിടിയിലായത് രണ്ട് യുവതികളായിരുന്നു. ചോദ്യം ചെയ്യലിൽ വേഷം മാറി തങ്ങൾ പലയിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു.