കാട്ടാനക്കൂട്ടത്തെ ഭയന്ന് നേരത്തെ നെല്ല് കൊയ്‌തെടുത്ത് കർഷകർ, അകമല കുഴിയോട് പാടശേഖരത്ത് കണ്ണീർ കൊയ്ത്ത്
വടക്കാഞ്ചേരി : നൂറുമേനി വിളവ് ലഭിച്ചെങ്കിലും കാട്ടാനക്കൂട്ടത്തെ ഭയന്ന് നേരത്തെ നെല്ല് കൊയ്‌തെടുക്കുകയാണ് അകമല കുഴിയോട് മേഖലയിലെ കർഷകർ. കുട്ടിക്കൊമ്പനും മറ്റ് ആനകളും ചേർന്ന് ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി നശിപ്പിച്ചതോടെയാണ് 25 ദിനം മുമ്പ് കർഷകരുടെ കണ്ണീർ കൊയ്ത്ത്. 80 ഏക്കറിലാണ് അകമലയിൽ ആകെ നെൽക്കൃഷി. ഇതിൽ 20 ഏക്കറും ആനകൾ നശിപ്പിച്ചു. ലക്ഷങ്ങൾ കർഷകർക്ക് ബാദ്ധ്യതയായി. മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടിയും കർഷകകൂട്ടായ്മയും കാവലുണ്ട്. സോളാർ വേലിയും സ്ഥാപിച്ചിട്ടുണ്ട്. ആനവീര്യം എല്ലാം നിഷ്പ്രഭമാക്കുന്നു. കൊയ്‌തെടുത്ത മൂപ്പെത്താത്ത നെല്ല് എവിടെ വിറ്റഴിക്കുമെന്ന ചോദ്യവും ബാക്കിയാണ്. തങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ആരുമില്ലെന്ന വേദനയും കർഷകർക്കുണ്ട്. കാർഷികവൃത്തിയിൽ നിന്ന് വിട്ട് നിൽക്കാനാണ് കർഷകരുടെ കൂട്ടായ തീരുമാനം.
കൃഷി നാശത്തിന് അർഹമായ നഷ്ട പരിഹാരം പോലും ലഭിക്കുന്നില്ല. ഓരോ സീസണിലും ലക്ഷങ്ങളുടെ കടബാദ്ധ്യതയാണ് ഉണ്ടാകുന്നത്. മൂന്ന് കൊല്ലമായി ആന ശല്യം നേരിടുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്, മാവ്, പച്ചക്കറികൾ എല്ലാം വന്യജീവികൾ തകർക്കുന്നു. 400 ചാക്ക് നെല്ല് ലഭിച്ചിരുന്ന പാടശേഖരങ്ങളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത് 30 ചാക്ക് മാത്രമാണ്. അധികൃതർ അടിയന്തരമായി ഇടപെടണം. ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശക്തമായ നടപടി ഉണ്ടാകണം. -അകമല പാടശേഖര സമിതി
നഗരസഭ കർഷക ക്ഷേമത്തിന് കൂടുതൽ ശക്തമായ നടപടി സ്വീകരിക്കും. കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. -പി.എൻ.സുരേന്ദ്രൻ (വൈസ് ചെയർപേഴ്‌സൺ, വടക്കാഞ്ചേരി നഗരസഭ)