കുട്ടിക്കർഷകർക്ക് സ്വപ്നസാഫല്യം, 29ന് ആദ്യ വിമാനയാത്ര പണം കണ്ടെത്തിയത് പുരസ്കാരത്തുക കൂട്ടിവച്ച്
ആലപ്പുഴ: മട്ടുപ്പാവ് കൃഷിക്ക് അംഗീകാരമായി ലഭിച്ച പുരസ്കാര തുകകൾ ചേർത്തുവച്ച് വിമാനയാത്രയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് കുട്ടിക്കർഷകരായ സഹോദരിമാർ. ഈ മാസം 29ന് രാവിലെ കൊച്ചിയിൽ നിന്നും മുംബയിലേക്ക് കുടുംബസമേതമാണ് യാത്ര. ഫെബ്രുവരി ഒന്നിന് മടങ്ങും. ആലപ്പുഴ വട്ടയാൽ പുത്തൻവീട് പുരയിടം ഫരീദ മൻസിലിൽ ഫരീദ ഫിറോസും (12), ഫാദിയ ഫിറോസുമാണ് (9) സ്വപ്രയത്നം കൊണ്ട് സ്വപ്നച്ചിറകിലേറുന്നത്. മാതാപിതാക്കൾക്കും സഹോദരൻ ഫാദിലുമൊത്താണ് യാത്ര.
വീടിന്റെ 850 ചതുരശ്ര മീറ്റർ ടെറസിൽ വിഷരഹിത പച്ചക്കറി ഉത്പാദനത്തിനും ജൈവകൃഷി പ്രചാരണത്തിനും അംഗീകാരമായി ലഭിച്ച വിവിധ പുരസ്കാര തുകകൾ (40,000ത്തോളം രൂപ) കൂട്ടിവച്ചു. കൃഷി കാണാനെത്തുന്നവർ മധുരം വാങ്ങാനായി നൽകുന്ന ചെറിയ തുകകളും സ്വരുക്കൂട്ടി. അഞ്ചംഗ കുടുംബത്തിന് ടിക്കറ്റ് നിരക്ക് മാത്രം ചെലവ് അൻപത്തിയൊമ്പതിനായിരം രൂപ. ഇതിൽ ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റ് ഒരു അഭ്യുദയകാംക്ഷിയും നൽകാമെന്ന് ഏറ്റതോടെ യാത്രയ്ക്ക് വഴിയൊരുങ്ങി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തങ്ങളുടെ ആഗ്രഹം കുട്ടികൾ മാതാപിതാക്കളായ പരിസ്ഥിതി പ്രവർത്തകനും വനമിത്രപുരസ്ക്കാര ജേതാവുമായ ഫിറോസ് അഹമ്മദിനോടും നാസിലയോടും പങ്കുവച്ചത്. ഇതുസംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയകാംഷിയും സഹായിക്കാമെന്നേറ്റു.
ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫരീദ. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാദിയ. സഹോദരൻ ഫാദിൽ എൽ.കെ.ജി വിദ്യാർത്ഥിയാണ്.
ഗാന്ധിഗ്രാമം മുതൽ
ജൂഹു ബീച്ച് വരെ
29ന് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് മുംബയിലേക്ക് തിരിക്കുക. മുംബയിൽ മൂന്നുദിവസം വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. ഗാന്ധി ഗ്രാമമാണ് ആദ്യ ഡെസ്റ്റിനേഷൻ. ഗേറ്റ് വേ ഓഫ് ഇന്ത്യ, കടലിൽ സ്ഥിതി ചെയ്യുന്ന ഹാജി ആലി ദർഗ, ജൂഹു ബീച്ച്, മുംബയ് ഭീകരാക്രമണം നടന്ന താജ് ഹോട്ടൽ എന്നിങ്ങനെയാണ് സന്ദർശിക്കാനുള്ള സ്ഥലങ്ങളുടെ പട്ടിക.