വേനലിലും വറ്റാത്ത പൊൻമുടി സീതാതീർത്ഥം
വിതുര: പൊൻമുടി സീതാതീർത്ഥം ദർശിക്കുവാൻ സഞ്ചാരികളുടെ തിരക്കേറുന്നു. പൊൻമുടി സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ അപ്പർസാനിറ്റോറിയത്തിന് സമീപത്തുള്ള സീതാതീർത്ഥവും കാണാനെത്തുന്നുണ്ട്. ഇവിടെ പാറക്കെട്ടുകൾക്കിടയിലുള്ള കുളം സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാണ്.
ആദിവാസി സമൂഹത്തിന്റെ വിശ്വാസകേന്ദ്രം കൂടിയാണ് പവിത്രമായ സീതാതീർത്ഥം. വനവാസകാലത്ത് ശ്രീരാമനൊപ്പം സീതാദേവി ഇവിടെ നീരാടുവാൻ എത്തിയിരുന്നുവെന്നാണ് ആദിവാസി സമൂഹം വെളിപ്പെടുത്തുന്ന ഐതിഹ്യം. കുളത്തിനടുത്തുള്ള പാറയിൽ ഒരു വലിയ കാൽപ്പാടുമുണ്ട്. കാൽപ്പാദം ശ്രീരാമന്റേതാണെന്നാണ് പറയപ്പെടുന്നത്. വർഷം തോറും സീതാതീർത്ഥത്തിൽ മകരമാസത്തിൽ പൊങ്കാല ഉത്സവം നടത്താറുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരും ഇവിടെ പൊങ്കാലയർപ്പിച്ച് സായൂജ്യമടയുവാൻ എത്തുന്നുണ്ട്. വർഷം തോറും ഭക്തരുടെ തിരക്കേറി വരികയാണ്.
വനപാലകരുടെ മേൽനോട്ടത്തിലാണ് പൊങ്കാല ഉത്സവം നടക്കുന്നത്. തീർത്ഥക്കുളം എത്ര കൊടിയ വേനലിലും വറ്റാറില്ല. പൊൻമുടിയും പരിസരത്തും വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും സീതാതീർത്ഥത്തിൽ നിറയെ വെള്ളമുണ്ടാകും. പുണ്യജലമായാണ് വിശ്വാസികൾ കാണുന്നതിനാൽ ജലം ശേഖരിച്ചുകൊണ്ടുപോകാറുമുണ്ട്. കാട്ടാനയും, കാട്ടുപോത്തും കൂട്ടമായെത്തുന്ന മേഖലയിലാണ് സീതാതീർത്ഥം സ്ഥിതി ചെയ്യുന്നത്.