കാവ്യയോഗ മലയാളം പള്ളിക്കൂടത്തിന്റെ പുത്തൻ പരീക്ഷണം

Saturday 17 January 2026 1:55 AM IST

തിരുവനന്തപുരം: കുട്ടികളിൽ ഏകാഗ്രത വളർത്തുക, ഒപ്പം കവിതകളുടെ ആത്മാവിലേക്ക് അവരുടെ മനസിനെ സന്നിവേശിപ്പിക്കുക..മലയാളം പള്ളിക്കൂടത്തിന്റെ 'കാവ്യയോഗ 'എന്ന സങ്കേതത്തിലൂടെ പുതിയ അനുഭവമാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്.

കാല്പനികതയുടെ സമസ്ത സൗന്ദര്യവും കാവ്യസാഹിത്യ ശാഖയ്ക്ക് പകർന്നുനൽകിയ ചങ്ങമ്പുഴുയുടെ 'രമണന് 'യോഗയുടെ അംഗവിന്യാസത്തിലൂടെ പുതിയ ഭാവുകത്വമാണ് മലയാളം പള്ളിക്കൂടം ചമച്ചത്. നിയമസഭാ പുസ്തകോത്സവത്തോട് അനുബന്ധിച്ച്

മലയാളം പള്ളിക്കൂടത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കാവ്യയോഗയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. കുട്ടികളുടെ മനസിനും ശരീരത്തിനും ഒരുപോലെ വ്യായാമവും ഉല്ലാസവും നൽകുന്നതോടൊപ്പം മലയാള കവിതയെ കുട്ടികളിലെത്തിക്കാനുള്ള പുതിയൊരു മാർഗ്ഗം കൂടിയാണ് കാവ്യയോഗ എന്ന് പളളിക്കൂടത്തിന്റെ സെക്രട്ടറി

ഡോ. ജെസി നാരായണൻ പറഞ്ഞു. അദ്ധ്യാപികയായ ആമിന നജുമയാണ് പരിശീലക. കവിത പഠിക്കാൻ മടിയുള്ള കുട്ടികളെ മലയാളകവിതയിലേക്കാകർഷിക്കാൻ കാവ്യയോഗ ഉപകരിക്കുമെന്ന് ആമിന. മാത്രമല്ല കുംങ്ഫു, കരാട്ടെ, വുഷു, സൂമ്പ തുടങ്ങിയ വ്യായാമ രീതികളെ അപേക്ഷിച്ച് തനിമയുള്ള കാവ്യ യോഗയിലൂടെ, കവിതയുടെ ആശയവും വളരെ പെട്ടെന്ന് കുട്ടികളിലെത്തിക്കാനാവുന്നു എന്നതാണ് നേട്ടമെന്നും ആമിന വിശദമാക്കുന്നു. കുട്ടികളിൽ ഏകാഗ്രത വർദ്ധിപ്പിക്കാനും യോഗ അനുയോജ്യമാണ്.

കാവ്യയോഗ ശീലമാക്കുന്നതിലൂടെ കുട്ടികളിലെ ലഹരി ഉപയോഗമടക്കം അകറ്റാനും കഴിയും. യോഗയും കവിതയും കൂട്ടിയിണക്കിയതിലൂടെ കുട്ടികളിൽ രണ്ടിനോടുമുള്ള താല്പര്യം കൂടിയെന്നുമാത്രമല്ല അവരുടെ മാനസിക ശാരീരിക ചലന പ്രക്രിയകൾക്ക് പുത്തൻ ഉണർവും ലഭിക്കുന്നു. യോഗയുടെ അംഗവിന്യാസത്തിന് ഇണങ്ങുന്ന രീതിയിൽ കവിതയുടെ ഈണം ചിട്ടപ്പെടുത്തിയത് അർച്ചന പരമേശ്വരനാണ്. പള്ളിക്കൂടത്തിന്റെ പാഠ്യപദ്ധതിയിൽ കാവ്യയോഗ കൂടി ഉൾപ്പെടുത്തിയതായി ട്രഷറർ ഗോപി നാരായണൻ അറിയിച്ചു.