ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമമണം, 4പേർക്ക് പരിക്ക്
ഹരിപ്പാട്: ഹരിപ്പാട് ആർ.കെ ജംഗ്ഷന് സമീപമുള്ള പിത്തമ്പിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന എതിരേൽപ്പ് ദർശിക്കാനായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ ആക്രമണം. വെട്ടുവേനി ജിത്തുഭവനിൽ അഭിജിത്ത്, കൊട്ടാരത്തിൽ പടീറ്റതിൽ വരുൺ, തോട്ടത്തിൽ കിഴക്കതിൽ പ്രവീൺ, മൊതലപ്പള്ളിൽ തെക്കതിൽ ശരത്ത് എന്നിവർക്ക് നേരെയാണ് വ്യാഴാഴ്ച രാത്രി 11.45 ഓടെ ആക്രമണമുണ്ടായത്. വെട്ടുവേനി സ്വദേശികളായ വിഷ്ണുസത്യൻ, ശിവകുമാർ, അമൽ, ശ്രീകാന്ത്, കണ്ടാലറിയാവുന്ന നാലുപേർ എന്നിവർക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു.
ക്ഷേത്രത്തിന്റെ മുന്നിലെ റോഡിൽ നിന്ന അഭിജിത്തിനെ ശിവകുമാർ കൈചുരുട്ടി ഇടതു കവിളിൽ ഇടിക്കുകയും കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇടതുകൈയുടെ മസിൽഭാഗത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതുകണ്ട് പിടിച്ചുമാറ്റാനെത്തിയ അഭിജിത്തിനോടൊപ്പമുണ്ടായിരുന്ന പ്രവീണിനെ വലതുകൈയുടെ മുട്ടുഭാഗത്ത് കുത്തിമുറിവേൽപ്പിച്ചു. തുടർന്ന് തടസ്സം പിടിക്കാനെത്തിയ വരുണിനെ കത്തി ഉപയോഗിച്ച് മുഖത്ത് വെട്ടി പരിക്കേൽപ്പിച്ചു. വിഷ്ണു സത്യൻ തന്റെ കൈവശമുണ്ടായിരുന്ന കത്തിയുമായി നിന്നെ കൊല്ലുമെടാ എന്നുപറഞ്ഞുകൊണ്ട് അഭിജിത്തിന്റെ വയറിന്റെ വലതുഭാഗത്ത് കുത്തി. തുടർന്ന് പ്രതികൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന കത്തികൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഗരുതരമായി പരിക്കേറ്റ അഭിജിത്തിനെയും വരുണിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവീണിനെയും ശരത്തിനെയും ഹരിപ്പാട് ഗവ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികൾക്കായി ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.