മുംബയിൽ തകർന്നടിഞ്ഞ താക്കറെ കോട്ട

Saturday 17 January 2026 12:52 AM IST

ന്യൂഡൽഹി: മറാത്താ വികാരം കത്തിച്ച് വളർത്തിയ ശിവസേനയിലൂടെ താക്കറെ കുടുംബം 30 വർഷമായി പുലർത്തിയ ആധിപത്യമാണ് മുംബയ് കോർപ്പറേഷൻ തോൽവിയിലൂടെ തകർന്നടിഞ്ഞത്. ഉദ്ധവ് താക്കറെയ്‌ക്കും പാർട്ടിക്കും 2022ലെ പിളർപ്പിനെക്കാളും നിയമസഭാ തോൽവിയെക്കാളും വലിയ ആഘാതമാണിത്. ശിവസേനയുടെ ഓരത്തുനിന്ന് വളർന്ന് മഹാരാഷ്‌ട്രയുടെ ഭരണം പിടിച്ച ബി.ജെ.പിക്ക് മുംബയ് മേയർ എന്ന ദീർഘകാല സ്വപ്‌നവും യാഥാർത്ഥ്യമായി. 2014 മുതൽ ബി.ജെ.പിയുമായുള്ള സഖ്യം പിഴച്ചപ്പോഴും 2022ൽ പാർട്ടി പിളർന്നപ്പോഴും ഉദ്ധവ് പിടിച്ചുനിന്നത് മുംബയ് സ്വന്തമാണെന്ന് അവകാശപ്പെട്ടാണ്.

പിളർപ്പിലൂടെ സംസ്ഥാനഭരണവും ഔദ്യോഗിക പാർട്ടിയെന്ന അംഗീകാരവും നഷ്‌ടമായപ്പോൾ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ തിരിച്ചുവരാമെന്നായിരുന്നു കണക്കുകൂട്ടൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ" മുന്നണിക്ക് കീഴിൽ നല്ല മുന്നേറ്റമുണ്ടാക്കിയ ഉദ്ധവിന്റെ പാർട്ടി പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്കം പോയി. അതുകൊണ്ടാണ് മഹാ വികാസ് അഘാഡി മുന്നണി വിട്ട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എം.എൻ.എസിനെ കൂട്ടുപിടിച്ചത്.

മകൻ ഉദ്ധവിനെ പിൻഗാമിയാക്കാനുള്ള ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2005ൽ പാർട്ടി വിട്ട് നവനിർമ്മാൺ സേന രൂപീകരിച്ച രാജ് താക്കറെയുമായി കൈകോർത്ത തന്ത്രവും പിഴച്ചു. മുംബയിൽ ശിവസേന നല്ല പ്രകടനം നടത്തിയെങ്കിലും രാജ് താക്കറെയ്‌ക്ക് പ്രതീക്ഷിച്ച വോട്ടുകൾ പിടിക്കാനായില്ല. പാർട്ടിയിലെ പിളർപ്പ് താക്കറെ കുടുംബത്തിന്റെ ഉറച്ച വോട്ടുകളെയും ഭിന്നിപ്പിച്ചെന്നുറപ്പ്.

ബി.ജെ.പി ആധിപത്യം

മറുവശത്ത് ബി.ജെ.പി മറാത്താ ദേശത്തിൽ ആധിപത്യമുറപ്പിച്ചെന്ന് മുനിസിപ്പൽ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. 29 കോർപ്പറേഷനുകളിൽ 25ലും ഏറ്റവും വലിയ കക്ഷിയായി. 2017ലെ മുംബയ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശിവസേനയ്‌ക്ക്(84), തൊട്ടു പിന്നിൽ (82) ആയിരുന്ന ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി. ഏക്‌നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്.

എൻ.സി.പിയിലെ പിളർപ്പിന് ശേഷമുള്ള കോർപ്പറേഷൻ തിരഞ്ഞെടുപ്പ് മഹാരാഷ്‌ട്രയിലെ മുതിർന്ന നേതാവ് ശരദ് പവാറിനും പ്രഹരമായി. ഇരു പാർട്ടികളും ഒന്നിച്ചതിന്റെ മെച്ചം പിംപ്രി-ചിഞ്ച്‌വാഡിൽ ഉണ്ടായില്ല. മറ്റിടങ്ങളിൽ പരമ്പരാഗത വോട്ടുകൾ മരുമകൻ അജിത് പവാറിന്റെ എൻ.സി.പിക്കാണ് ലഭിച്ചതും. ഭിവൻഡി നിസാംപൂർ, അമരാവതി, ലാത്തൂർ കോർപ്പറേഷനുകളിൽ ജയിച്ചെങ്കിലും ഒരിക്കൽ സംസ്ഥാനം ഭരിച്ച കോൺഗ്രസിന്റെ പ്രകടനവും നിരാശാജനം

സമ്പന്ന മുംബയ്

മുംബയ് കോർപ്പറേഷന്റെ (ബി.എം.സി)​ 2025-26 ലെ ബഡ്‌ജറ്റ് 74,427 കോടിയുടേതായിരുന്നു. ഇത് ഇന്ത്യയിലെ ചെറു സംസ്ഥാനങ്ങളെക്കാൾ കൂടുതലാണ്.( ഗോവ 28,162 കോടി, അരുണാചൽ പ്രദേശ് 39,842 കോടി, ഹിമാചൽ പ്രദേശ് 58,514 കോടി, സിക്കിം 16,196 കോടി, ത്രിപുര 31,412 കോടി.) ഇന്ത്യയിലെ മറ്റ് മെട്രോ കോർപ്പറേഷൻ ബഡ്‌ജറ്റ്: ഡൽഹി 16,530 കോടി, ബംഗളൂരു:19,930 കോടി.