ദിലീഷ് പോത്തൻ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ,​ ചിത്രീകരണം ഈ വർഷം

Saturday 17 January 2026 12:53 AM IST

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ശ്യാം പുഷ്കരൻ തിരക്കഥ എഴുതുന്ന ചിത്രം ഇൗവർഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഇതാദ്യമായാണ് മോഹൻലാലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒരുമിക്കുന്നത്. ആക്ഷൻ ഫാന്റസി ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം എന്നാണ് വിവരം. ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ദിലീഷ് പോത്തൻ ആദ്യമായി സൂപ്പർസ്റ്റാർ ചിത്രം ഒരുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

നടൻ, നിർമ്മാതാവ് എന്നീ നിലകളിലും ദിലീപ് പോത്തൻ തിളങ്ങുന്നു. അതേസമയം കത്തനാർ, ഖലീഫ എന്നീ ചിത്രങ്ങളിലെ അതിഥി വേഷങ്ങൾ പൂർത്തിയാക്കി സിഡ്നിയിൽ സ്വകാര്യ സന്ദർശനത്തിന് പോയ മോഹൻലാൽ ഏതാനും ദിവസങ്ങൾക്കുശേഷം മടങ്ങി എത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മോഹൻലാൽ ഇനി അഭിനയിക്കുന്നത്.ജനുവരി 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.ഭാമ അരുൺ, ബിനു പപ്പു, ഇ|ഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ ഇന്നലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പൂജയ്ക്ക് വച്ചു.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. രചന രതീഷ് രവി, ഛായാഗ്രഹണം ഷാജി കുമാർ.