ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതി ജയിച്ചു
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷ് 2017-ൽ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കർ ജൽന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികളെ പിന്നിലാക്കി 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് വിചാരണ തുടരുകയാണ്. 2017 സെപ്‌തംബർ 5 ന് ബംഗളൂരുവിലെ വീടിന് പുറത്ത് വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.
മുൻ അധോലോക നായകൻ അരുൺ ഗാവ്‌ലിയുടെ മക്കളായ ഗീതയും യോഗിത ഗാവ്‌ലിയും മുംബയ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഗാവ‌്ലി സ്ഥാപിച്ച അഖില ഭാരതീയ സേന സ്ഥാനാർത്ഥികളായാണ് മത്സരിച്ചത്. ബൈകുല്ലയിലെ 212-ാം വാർഡിൽ സമാജ്‌വാദി പാർട്ടിയിലെ അമ്രീൻ ഷെഹ്‌സാൻ അബ്രഹാനിയോട് ഗീത ഗാവ്‌ലിയും 207-ാം വാർഡിൽ ബി.ജെ.പിയുടെ രോഹിദാസ് ലോഖണ്ഡെയോട് യോഗിത ഗാവ്‌ലിയും പരാജയപ്പെട്ടു.