തീതുപ്പും കാർ: മലയാളിക്ക് 1.11 ലക്ഷം രൂപ പിഴ
ബംഗളൂരു: നിയമവിരുദ്ധമായി കാറിൽ രൂപമാറ്റം വരുത്തിയ മലയാളി വിദ്യാർത്ഥിക്ക് വൻ പിഴ ചുമത്തി ഗതാഗത വകുപ്പ്. പുതുവത്സര ദിനത്തിൽ എൻജിനിയറിംഗ് വിദ്യാർത്ഥി അമിത ശബ്ദത്തിൽ നഗരത്തിലൂടെ കാറോടിക്കുന്നതിന്റെയും കാറിന്റെ സൈലൻസറിലൂടെ തീപ്പൊരി വരുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. തുടർന്ന് യെലഹങ്ക ട്രാൻസ്പോർട്ട് ഓഫിസ് 1,11,500 രൂപ പിഴ ഈടാക്കി. കണ്ണൂർ ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്തതാണ് കാറെന്നാണ് റിപ്പോർട്ട്. ഹെന്നൂർ റോഡിൽ മറ്റ് യാത്രക്കാർക്കും ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുംവിധം കാറോടിച്ച വീഡിയോ ഒരാൾ ട്രാഫിക് പൊലീസിന് കൈമാറുകയായിരുന്നു. 70,000 രൂപയ്ക്ക് വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിൽ ലക്ഷങ്ങൾ ചെലവാക്കിയാണ് മാറ്റങ്ങൾ വരുത്തിയത്. 'പൊതുനിരത്തുകൾ സ്റ്റണ്ട് കാണിക്കാനുള്ള ഇടമല്ല' എന്ന് ബംഗളൂരു ട്രാഫിക് പൊലീസ് എക്സിൽ കുറിച്ചു. പൊതുനിരത്തുകൾ സ്റ്റണ്ട് കാണിക്കാനുള്ള ഇടമല്ല. ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് നിയമവിരുദ്ധമാണ്. വലിയ വില നൽകേണ്ടി വരുമെന്നും കുറിച്ചു.