രാസലഹരിയുമായി പിടികൂടിയ ആറംഗ സംഘം റിമാൻഡിൽ
കോട്ടയം: രാസലഹരിയുമായി പിടികൂടിയ ആറംഗ സംഘം റിമാൻഡിൽ. വേളൂർ കാരാപ്പുഴ കൊച്ചുപറമ്പിൽ ബാദുഷ ഷാഹുൽ (28), കാരാപ്പുഴ ശാസ്താംകാവ് മാടയ്ക്കൽ അഖിൽ (26), തിരുവാതുക്കൽ അബീന മൻസിൽ ഇർഫാൻ മുഹമ്മദ് (22), കൈപ്പുഴ പിള്ളകവല ഇല്ലിച്ചിറയിൽ ഷൈൻ (26), വേളൂർ 16ൽ ചിറ കരിക്കാട്ടിൽ ഏബെൽ (23), ചെങ്ങളം അറുപറ വെള്ളാപഴത്തിൽ സലാലുദ്ദീൻ (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച്ച ഉച്ചയോടെ നഗരമദ്ധ്യത്തിലെ ചെല്ലിയൊഴുക്കം ഭാഗത്തെ തെക്കനാട്ട് റസ്റ്റോറന്റ് ആൻഡ് ലോഡ്ജിലായിരുന്നു സംഭവം. ലഹരിമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധയിലാണ് നിരോധിത മയക്കു മരുന്ന് ഉത്പ്പന്നങ്ങളായ 14.2318 ഗ്രാം എം.ഡി.എം.എ, 17.6787 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി സംഘത്തെ പിടികൂടിയത്. വിൽപ്പനയ്ക്കും സ്വയം ഉപയോഗത്തിനുമായും മയക്കു മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള ഹുക്ക പോലെയുള്ള മൂന്ന് ഗ്ലാസ് ഉപകരണങ്ങളും മയക്കുമരുന്നു വിറ്റതിൽ ലഭിച്ച 1700 രൂപയും, മയക്കുമരുന്നു വില്പന നടത്തുന്നതിനായുള്ള പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളും കണ്ടെടുത്തിരുന്നു. ബാദുഷ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളും 16 ഓളം കേസുകളിൽ പ്രതിയുമാണ്. അഖിൽ രണ്ടു കേസുകളിലും,ഷൈൻ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളും ഏഴോളം കേസുകളിലെ പ്രതിയുമാണ്. ഏബൽ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈസ്റ്റ് എസ്.എച്ച്.ഒ ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐമാരായ അനൂപ്, ജോർജ്, എസ്.സി.പി.ഒമാരായ അനിക്കുട്ടൻ, സൈഫുദ്ദീൻ, സി.പി.ഒ വിവേക് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.